ചെയ്യാത്ത കുറ്റത്തിന് തടവില്‍ കിടന്നതിന് 1.4 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

Friday 1 July 2011 11:51 am IST

വാഷിംഗ്‌ടണ്‍: ആറു പേരെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നുവെന്ന്‌ ആരോപിച്ച്‌ 18 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന അമേരിക്കക്കാരന്‌ 1.4 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചു. ആന്റണി ഗ്രേവ്‌സ്‌ ആണ്‌ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ജയില്‍ മോചിതനായത്‌. 1992ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. റോബര്‍ട്ട്‌ ഏള്‍ കാര്‍ട്ടര്‍ എന്നയാളുടെ മുത്തശിയെയും, മറ്റ്‌ അഞ്ച്‌ മക്കളെയും കൊലപ്പെടുത്തുന്നതിന്‌ അയാള്‍ക്കൊപ്പം ഗ്രേവ്‌സ്‌ കൂട്ടു നിന്നുവെന്നാണ്‌ കേസ്‌. കേസില്‍ രണ്ട്‌ പേരെയും കോടതി വധശിക്ഷയ്ക്ക്‌ വിധിച്ചു. എന്നാല്‍ 1998ല്‍ കോടതിയിലെ വിചാരണയ്ക്കിടെ കൊലപാതകത്തില്‍ ഗ്രേവ്‌സിന്‌ പങ്കില്ലെന്ന്‌ കാര്‍ട്ടര്‍ തന്നെ വെളിപ്പെടുത്തി. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കാന്‍ കോടതി തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ഗ്രേവ്‌സിന് വീണ്ടും തടവില്‍ കഴിയേണ്ടിവന്നു. 2006ല്‍ ഗ്രേവ്‌സിന്റെ കേസില്‍ പുനര്‍വിചാരണയ്ക്ക്‌ കോടതി ഉത്തരവിട്ടതോടെയാണ് അദ്ദേഹത്തിന്റെ മോചനത്തിന് വഴിതെളിഞ്ഞത്. വിചാരണയുമായി ബന്ധപ്പെട്ട്‌ രണ്ടു വര്‍ഷവും, കൊലക്കുറ്റത്തിന്‌ ശിക്ഷ ലഭിച്ചതിലൂടെ 12 വര്‍ഷവും ജയിലില്‍ കിടന്നു. കേസിന്റെ പുനര്‍വിചാരണയ്ക്കായി പിന്നെയും നാലു വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു.