ഗള്‍ഫിലെത്തി അതിസമ്പന്നരായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

Friday 7 August 2015 10:47 pm IST

തിരുവനന്തപുരം : ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് മലയാളിയായ അബുതാഹിര്‍ റിക്രൂട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളിലെത്തിയാല്‍ മിന്നല്‍ വേഗത്തില്‍ സമ്പന്നരായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം. കേരളത്തില്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നവരും ഗള്‍ഫില്‍ പോയി പെട്ടെന്ന് സമ്പന്നരായവരുമായവരെക്കുറിച്ചുള്ള വിവരങ്ങളാണ് സംസ്ഥാന ഇന്റലിജന്‍സ് ശേഖരിക്കുന്നത്. ഈ വിവരങ്ങള്‍ ഐബിക്ക് കൈമാറും. ഐബിയും ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഗള്‍ഫിലേക്ക് കടന്ന തീവ്രവാദ പശ്ചാത്തലമുള്ളവര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശരാജ്യങ്ങളിലേക്ക് കടക്കുകയും പരിശീലനം നേടുകയും തിരിച്ചെത്തുകയും ചെയ്യുന്നുണ്ട്. ഗള്‍ഫിലെത്തി തീവ്രവാദ സംഘടനകളുമായി സജീവബന്ധം പുലര്‍ത്തുകയും വിവിധ സംഘടനകളുടെ പേരില്‍ നാട്ടിലേക്ക് പണമൊഴുക്കുകയും ചെയ്യുന്ന ചില പ്രമുഖരെ കുറിച്ചുള്ള വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. ചില റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ചില സ്ഥാപനങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ മാത്രം റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ നിന്നും ഗള്‍ഫിലേക്ക് പോയവരെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗള്‍ഫില്‍ എത്തിയ തീവ്രവാദബന്ധമുള്ളവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് റോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ റിക്രൂട്ട്‌മെന്റും സാമ്പത്തിക സമാഹരണവും വ്യാപകമായ സാഹചര്യത്തിലാണ് ഗള്‍ഫില്‍ റോയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.