ആര്‍എസ്പി പ്രതിനിധികളെ വിശ്വാസമില്ല; മൊബൈലിന് വിലക്ക്

Saturday 8 August 2015 8:29 pm IST

കൊല്ലം: പ്രതിനിധികളെ വിശ്വാസമില്ലാത്തതിനാല്‍ ആര്‍എസ്പി സംസ്ഥാനസമ്മേളനത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്. സമ്മേളനത്തിലെ ചര്‍ച്ചകള്‍ പുറത്തറിയുന്നതിനെ തുടര്‍ന്നാണ് ഫോണ്‍ വിലക്കേര്‍പ്പെടുത്തിയത്. മുന്നണി മാറിയതിലൂടെ ലഭിച്ച നേട്ടങ്ങള്‍ നേതാക്കള്‍ക്ക് മാത്രമാണെന്നും അണികള്‍ക്ക് ഇതില്‍ അമര്‍ഷമുണ്ടെന്നും ചര്‍ച്ചയില്‍ വടക്കന്‍ ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുനരേകീകരണം നടത്തി ആര്‍എസ്പി വലിയ പാര്‍ട്ടിയായിട്ടും ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം എന്തുകൊണ്ട് നേടാനായില്ലെന്നും ചിലര്‍ ചോദിച്ചു. ആര്‍എസ്പിയെ വഴിതെറ്റിച്ചിട്ടുണ്ടെങ്കില്‍ അത് നേതാക്കളാണ്. സംഘടനാചര്‍ച്ചയ്ക്കുള്ള മറുപടിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കിയശേഷം ഇന്ന് സമ്മേളനം സമാപിക്കും. നിലവിലെ സാഹചര്യത്തില്‍ എ.എ. അസീസ് തന്നെ തുടരാനാണ് സാധ്യത. പാര്‍ട്ടിയെ നിര്‍ണായകഘട്ടത്തില്‍ നയിച്ച അനുഭവസമ്പത്തും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളുമാണ് ഒരു തവണകൂടി അസീസിന് നല്‍കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. ആര്‍എസ്പി സമ്മേളനസ്ഥലത്ത് നേതാക്കളെ അധിക്ഷേപിച്ചും മുന്നണിമാറ്റം സംബന്ധിച്ച നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചും ലഘുലേഖകള്‍. സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഇന്നലെ സമ്മേളനവേദിയായ സി. കേശവന്‍ സ്മാരക ടൗണ്‍ഹാളിലാണ് 'ഒരുകൂട്ടം പാര്‍ട്ടിസ്‌നേഹികള്‍' ഇറക്കിയ ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഇല്ലാത്ത ഷിബു ബേബിജോണിന്റെ ദയയും കാരുണ്യവുമാണ് യുഡിഎഫ് പ്രവേശനം സാധ്യമാക്കി ആര്‍എസ്പിക്ക് ലഭിച്ച എംപി സ്ഥാനമെന്ന് ചൂണ്ടിക്കാട്ടുന്നു. 1999ല്‍ പാര്‍ട്ടിയെ പിളര്‍ത്തിയതും സമുന്നതനേതാവ് ബേബിജോണിനെ നാടുനീളെ അവഹേളിച്ചു നടന്നതിന് ചുക്കാന്‍ പിടിച്ചവരുമാണ് ചന്ദ്രചൂഡനും എ.എ. അസീസും എന്‍.കെ. പ്രേമചന്ദ്രനുമെല്ലാം. പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശ്രീകണ്ഠന്‍നായര്‍, ടി.കെ. ബേബി, ഉണ്ണി എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫഌക്‌സുകളുടെ പതിനെട്ടിരട്ടി ഫഌക്‌സുകള്‍ സ്വന്തം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഈ നേതാക്കള്‍ സമ്മേളനത്തിന് ജില്ലയില്‍ വച്ചിട്ടുണ്ട്. പാര്‍ട്ടി അണികളെ വിശ്വാസമില്ലാത്തതുകൊണ്ടാണ് ലക്ഷംപേരെ അണിനിരത്തി നടത്താന്‍ നിശ്ചയിച്ച റാലി വേണ്ടെന്ന് വച്ചതെന്നും ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. സിപിഎം കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന് ഉപദേശിക്കുന്ന നേതൃത്വം യുപിഎ സര്‍ക്കാര്‍ നടത്തിയ 50,000 കോടിയുടെ കുംഭകോണത്തെ ന്യായീകരിക്കുകയാണ്. കോണ്‍ഗ്രസ് നടപ്പാക്കിയ ആഗോളവത്കരണ സാമ്പത്തികനയങ്ങളും പാര്‍ട്ടി ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടോ എന്നും ചോദിക്കുന്നു. പത്താമതായി ചോദിക്കുന്നത് സംസ്ഥാനസമ്മേളനത്തിന്റെ പ്രമേയം ദേശീയസമ്മേളനപ്രമേയവുമായി ഒത്തുപോകുമോ എന്നാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.