ആനവേട്ട: പ്രതിയെ മര്‍ദ്ദിച്ചെന്ന് ആരോപണം

Saturday 8 August 2015 10:29 pm IST

കോതമംഗലം: ഇടമലയാര്‍ ആനവേട്ടക്കേസില്‍ അന്വേഷണസംഘം അറസ്റ്റുചെയ്ത പ്രതിയെ വനപാലകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതിയുടെ ഭാര്യയുള്‍പ്പെടെയുള്ള ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. കേസിലെ 30-ാംപ്രതി കുട്ടമ്പുഴ സ്വദേശി കടമാനത്ത് സുകുവിനെ മര്‍ദ്ദിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്ക് മുന്നിലാണ് സുകു കീഴടങ്ങിയത്. സുകുവിനെ റെയ്ഞ്ച് ഓഫീസില്‍ മര്‍ദ്ദനമേറ്റ് അവശനിലയില്‍ കിടക്കുന്നത് കണ്ടുവെന്ന് ഭാര്യ ശാരദ മാധ്യമങ്ങളോട് പറഞ്ഞു. കീഴടങ്ങുന്നതിനുമുമ്പ് രാത്രികാലങ്ങളില്‍ വനപാലകര്‍ സുകുവിനെ അന്വേഷിച്ച് വീട്ടിലെത്തി തന്നെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയിരുന്നതായും ശാരദ പറയുന്നു. സുകു നിരപരാധിയാണെന്നും കേസില്‍ ഉള്‍പ്പെടുത്തി വനപാലകര്‍ പീഡിപ്പിക്കുകയാണെന്നും സഹോദരീ ഭര്‍ത്താവ് വിജനും പറഞ്ഞു. നിരപരാധികള്‍ക്കെതിരെ വനപാലകര്‍ കേസെടുത്ത് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും യഥാര്‍ഥപ്രതികളെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നേര്യമംഗലം ആനവേട്ടക്കേസില്‍ ഉള്‍പ്പെട്ട ഷിബു, റെജി എന്നിവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ ഉടന്‍വലയിലാകുമെന്നും മാമലക്കണ്ടം വാഴത്തൂവല്‍ വനത്തിലാണ് പ്രതികള്‍ ആനവേട്ട നടത്തിയതെന്ന് കണ്ടെത്തിയതായും അന്വേഷണസംഘം വ്യക്തമാക്കി. സജി, രാജീവ് എന്നീ പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടമലയാര്‍ കേസില്‍ ഉള്‍പ്പെട്ട മനോജ്, പ്രിസ്റ്റണ്‍ സില്‍വ, ശ്രീകണ്ഠന്‍നായര്‍, അജി ബ്രൈറ്റ് എന്നിവരെ തിങ്കളാഴ്ച വനപാലകര്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കും. കേസില്‍ ഇനിയും പിടിയിലാകാനുള്ള അനൂപ് ഉള്‍പ്പെടെയുള്ളവരെയും ഉടന്‍ അറസ്റ്റുചെയ്യുമെന്ന് അന്വേഷണസംഘം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.