പിണറായിയുടെ വെകിളിത്തരങ്ങള്‍

Sunday 9 August 2015 9:57 pm IST

കെ.എന്‍. ഗോവിന്ദാചാര്യ പിന്നാക്കക്കാരന്‍ അല്ല, ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഒരു തമിഴ്ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പ്രവീണ്‍ തൊഗാഡിയ ബ്രാഹ്മണനോ കൂടിയ ജാതിക്കാരനോ അല്ല, ലേവാപട്ടേല്‍ ആണെന്ന് പാവം പിണറായിക്ക്  അറിഞ്ഞുകൂടാ. അവസാനം പിണറായി വിജയനും 'മൃദുഹിന്ദുത്വം' സ്വീകരിച്ചു! 'ദശാബ്ദങ്ങളായി  മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധം' എന്നുമാത്രം നിയമസഭയ്ക്ക് അകത്തും പുറത്തും വിളിച്ചുകൂവിക്കൊണ്ടിരുന്ന സിപിഎംഇതാ ഹിന്ദു ഈഴവരുടെ താല്‍പര്യങ്ങളും സംരക്ഷിക്കുന്നതാണെന്ന്, ചരിത്രത്തിലാദ്യമായി, പാര്‍ട്ടി മുഖപത്രത്തില്‍ മാത്രമല്ല 'ഈഴവരുടെ മുഖപത്ര'ത്തിലുംകൂടി പ്രഖ്യാപിച്ചിരിക്കുന്നു. നാട്ടുകാരുടെ ഓര്‍മ ശരിയാണെങ്കില്‍, കേരളത്തില്‍ 'ഈഴവര്‍' എന്നൊരു സമുദായം ഉണ്ടെന്നു പിണറായി വിജയന്‍ –1971-ല്‍ തലശ്ശേരി ഹിന്ദു-മുസ്ലിം ലഹളക്കാലത്ത് തലശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി ആയിരുന്നതു മുതല്‍ പൊളിറ്റ്ബ്യൂറോ മെമ്പറായിരിക്കുന്ന ഇക്കാലംവരെ –ഉരിയാടിയിട്ടില്ല. പിണറായി വിജയനെ വരച്ചവരയില്‍ നിറുത്തി, കേരളത്തില്‍ ഈഴവര്‍ എന്ന ഒരു ജാതിയും സമുദായവും ഉണ്ട് എന്ന് പരസ്യമായി ഏറ്റുപറയിപ്പിച്ച വെള്ളാപ്പള്ളിയെ എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല. കേരളത്തില്‍ ഹിന്ദുക്കള്‍ എന്നൊരു കൂട്ടര്‍ ഉണ്ടെന്നും അവര്‍ക്കും പ്രശ്‌നങ്ങളും താല്‍പര്യങ്ങളും വേദനകളും ഉണ്ടെന്നുമുള്ള അല്‍പംകൂടി വിശാലമായ ചിന്താഗതി പിണറായി വിജയന് താമസമെന്യേ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എങ്കിലും, മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളോട്പിണറായി എപ്പോഴും കാണിക്കുന്ന ആ പ്രത്യേക ബഹുമാനവും ആദരവും പരിഗണനയും ഈഴവരോട് അദ്ദേഹത്തിനു ഇപ്പോഴും ഇല്ല എന്നാണ് കേരളകൗമുദി ലേഖനം വെളിവാക്കുന്നത്. കാരണം, വളരെ അശ്രദ്ധമായാണ് ലേഖനത്തിന്റെ നിര്‍മിതി. എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാം എന്നാണ് പിണറായി വിജയന്‍ ഈഴവരെപ്പറ്റി ഇപ്പോഴും കരുതുന്നത്. 'കേരളകൗമുദി'യിലെ ലേഖനത്തില്‍ പിണറായി അവര്‍ണനായ ഡോക്ടര്‍ പ്രവീണ്‍ ഭായി തൊഗാഡിയയെ ബ്രാഹ്മണനാക്കുകയും ബ്രാഹ്മണനായ കെ.എന്‍.ഗോവിന്ദാചാര്യയെ പിന്നോക്കക്കാരന്‍ ആക്കയും ചെയ്യുന്നു. 'പുതിയ ചങ്ങാതിമാരായ പ്രവീണ്‍ തൊഗാഡിയക്കും അശോക്‌സിംഗാളിനും ഒപ്പം വെള്ളാപ്പള്ളി, ഇപ്പോഴും അയിത്തം നിലനില്‍ക്കുന്ന കര്‍ണാടകയിലെഉഡുപ്പി ക്ഷേത്രത്തില്‍ ഒന്നുപോകണം. അവര്‍ക്കൊപ്പംഊണ് കഴിക്കാനിരുന്നാല്‍ വെള്ളാപ്പള്ളിയെ രക്ഷപ്പെടുത്താന്‍ അവിടെ സമരംചെയ്യുന്ന സിപിഎമ്മുകാരേഉണ്ടാവൂ.' ('ചരിത്രവസ്തുതകളെവിസ്മരിക്കരുത്'  പിണറായിവിജയന്‍, കേരളകൗമുദി, ഓഗസ്റ്റ് 3, 2015) പ്രവീണ്‍ തൊഗാഡിയ ബ്രാഹ്മണനോ കൂടിയ ജാതിക്കാരനോ അല്ല, ലേവാപട്ടേല്‍ ആണെന്ന് പാവം പിണറായിക്ക് അറിഞ്ഞുകൂടാ. ബീഹാറിലെ കുറേ കുര്‍മികള്‍ ഒരു വരള്‍ച്ചയെതുടര്‍ന്ന് ഏതാനും നൂറ്റാണ്ടുകള്‍ മുന്‍പ് ഗുജറാത്തിലേക്ക് കുടിയേറിപ്പാര്‍ത്തു. കൃഷിക്കാരായ ഇവര്‍ പിന്നീട് 'ലേവാപട്ടേല്‍' എന്ന് അറിയപ്പെട്ടു. ബീഹാറിലെ പിന്നോക്കജാതിയും ഇപ്പോഴത്തെ മുഖ്യമന്ത്രി നിതീഷിന്റെ ജാതിയുമാണ് കുര്‍മികള്‍. ലേവാപട്ടേല്‍ സമുദായം തങ്ങളെ ഒബിസിയില്‍ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ സമരത്തിലാണ് കേട്ടോ പിണറായീ! അടുത്ത വിവരക്കേട് നോക്കൂ: 'ഗോവിന്ദാചാര്യയും ഉമാഭാരതിയുമൊക്കെ പിന്നാക്കസമുദായത്തില്‍നിന്നുവന്നവരായിരുന്നു. അവരുടെയൊക്കെ വായ അടപ്പിച്ചു ബിജെപി കറിവേപ്പിലപോലെ ആവശ്യം കഴിഞ്ഞ്‌വലിച്ചെറിഞ്ഞു.' ('ഗുരുനിന്ദയ്ക്ക് വഴിതെളിക്കരുത്'  പിണറായിവിജയന്‍, കേരളകൗമുദി, ഓഗസ്റ്റ് 4, 2015) പിന്നോക്ക ലോധാ സമുദായക്കാരി ഉമാഭാരതി ഇപ്പോള്‍ കേന്ദ്രത്തില്‍ കാബിനറ്റ് റാങ്കുള്ള ജലവിഭവശേഷിവികസന മന്ത്രിയാണെന്ന് സഖാവ് കേട്ടിട്ടില്ല എന്ന് തോന്നുന്നു. കെ.എന്‍. ഗോവിന്ദാചാര്യ പിന്നോക്കക്കാരന്‍ അല്ല, ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഒരു തമിഴ്ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ആശയം മുന്നോട്ടുവെച്ചത് ഗോവിന്ദാചാര്യയാണ്. ഇതുകാരണം ഇദ്ദേഹം പിന്നോക്കക്കാരന്‍ ആണെന്ന് ധാരണ ഉണ്ടായി. അതാണ് പിണറായി ഈഴവരെ ആശയകുഴപ്പത്തിലാക്കാന്‍ ഉപയോഗിക്കുന്നത്. ഉമാഭാരതിയുടെ ആത്മീയഗുരുവും കര്‍ണാടകത്തില്‍ ദളിതരുടെ ഉന്നമനത്തിനും അയിത്തോച്ചാടനത്തിനുമായി അനവരതം പ്രയത്‌നിച്ചുവരുന്ന മഹാത്മാവുമായ പേജാവര്‍മഠം വിശ്വേശ്വരതീര്‍ത്ഥ സ്വാമികളെക്കുറിച്ചും പിണറായി ലേഖനത്തില്‍ പോഴത്തം പറയുന്നു. വെള്ളാപ്പള്ളി നടേശന്‍ വിഭാവനം ചെയ്യുന്ന നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഹിന്ദുക്കളുടെ ഐക്യത്തെ പാരവെയ്ക്കുവാന്‍  ചില മുസ്ലിം-ക്രിസ്ത്യന്‍ തീവ്രവാദബുദ്ധിജീവികളെപോലെ  പിണറായിയും പണ്ടത്തെ കാര്യങ്ങള്‍ പൊക്കിക്കൊണ്ട് വരികയാണ്; ജാതിസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കയാണ്. അയിത്തം ബ്രാഹ്മണസൃഷ്ടി അല്ല എന്ന് സെക്കുലര്‍ ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണര്‍ക്ക് ഇടയില്‍ അയിത്തം ഉണ്ട്: കേരളത്തിലെ ചില പ്രധാന ക്ഷേത്രശ്രീകോവിലുകളില്‍ അയ്യര്‍, അയ്യങ്കാര്‍, കൊങ്കണിബ്രാഹ്മണര്‍ക്ക് കയറാന്‍ പറ്റില്ല.  ദളിതരിലെ വിവിധവിഭാഗങ്ങള്‍ തമ്മിലും അയിത്തം ഉണ്ടായിരുന്നു. ഈഴവര്‍ ദളിതരെ തൊട്ടുതിന്നിരുന്നില്ല.  ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത് ജാതിപരമായ ഉച്ചനീചത്വങ്ങള്‍ പണ്ടെങ്ങോ ഹിന്ദുസമൂഹത്തില്‍ അടിമുടി ബാധിച്ച ഒരു അര്‍ബുദമാണെന്നാണ്. അതിനെ ബ്രാഹ്മണരുടെ തലയില്‍ കെട്ടിവെക്കേണ്ടതില്ല. ആ കാന്‍സര്‍ ഇന്ന് അതിവേഗം ഭേദപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇടതു ക്രിസ്ത്യന്‍ മുസ്ലിം ബുദ്ധിജീവികള്‍ ഹിന്ദുഐക്യത്തെ തകര്‍ക്കാന്‍ ചിതല്‍പിടിച്ച ചരിത്രത്തെ പൊക്കിക്കൊണ്ടുവരുന്നു. 'മാധ്യമം' പത്രം അടുത്തിടെ പ്രസിദ്ധീകരിച്ച 'കേരളം, നവചാതുര്‍വര്‍ണ്യത്തിലേക്ക്' എന്ന പരമ്പര ഹിന്ദുസമൂഹത്തെ തകര്‍ക്കാനുള്ള ദുഷ്ടലക്ഷ്യത്തോടുകൂടിയതാണ്. പിണറായിയുടെ ഉന്നവും മറ്റൊന്നല്ല. ഇത് 2015 ആണ് പിണറായീ. കര്‍ണാടകത്തിലെ ഒരു അമ്പല ഊട്ടുപുരയിലെ അന്നദാനം അല്ല കേരളത്തിലെ ഈഴവസമുദായം നേരിടുന്ന നീറുന്ന പ്രശ്‌നം എന്ന് ഈഴവയുവജനങ്ങള്‍ സഖാവിനു മറുപടി നല്‍കുന്നു. ഇപ്പോള്‍, ഈഴവരുടെ കണ്ണില്‍ പൊടിയിടാന്‍, സിപിഎം തിരികെവിളിച്ചിരിക്കുന്ന ഗൗരിയമ്മ, 1994ല്‍പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട കാലത്ത്, സിപിഎമ്മില്‍ ഈഴവരോടു ഇഎംഎസ്സ് മാത്രമല്ല അദ്ദേഹത്തിന്റെ മകനും അയിത്തം കാണിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. അനിയന്‍ നമ്പൂതിരിപ്പാട് ഗൗരിയമ്മയെ 'ചോവത്തി' എന്ന് സിപിഎം സ്‌റ്റേറ്റ് കമ്മറ്റിയില്‍ പരാമര്‍ശിച്ചത് മറക്കാറായിട്ടില്ല. പിണറായിയുടെ 'കേരളകൗമുദി' ലേഖനം യഥാര്‍ത്ഥത്തില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കുള്ള ഈഴവപ്രവാഹത്തിന് വേഗത കൂട്ടുകയേയുള്ളൂ. കാരണം, ഈഴവസമൂഹം ഇന്ന് നേരിടുന്ന –താഴെപറയുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നപോലും പിണറായി വിജയന്‍ രണ്ടുദിവസം നീണ്ട ലേഖനത്തില്‍ പരാമര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ലൗജിഹാദിനു വിധേയകള്‍ ആയിട്ടുള്ളവരില്‍ പകുതിയിലധികവും ഈഴവ പെണ്‍കുട്ടികളാണ്. തങ്കു ബ്രദര്‍ പോലെയുള്ള പെന്തക്കോസ്ത് പാസ്റ്റര്‍മാരും കത്തോലിക്കാ കരിസ്മാറ്റിക്കുകാരും മതംമാറ്റി പീഡിപ്പിക്കുന്ന ഹിന്ദുസ്ത്രീകളില്‍ ഏറിയപങ്കും ഈഴവ വനിതകളാണ്. (തങ്കുവിന്റെ മതംമാറ്റ കേന്ദ്രത്തിലേക്ക് യോഗം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിട്ടുണ്ട്.) കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവ 80 ശതമാനവും മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുടേത് ആകയാല്‍, ഈഴവര്‍ക്ക് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കുന്നില്ല. എസ്എന്‍ കോളേജുകള്‍, സര്‍ക്കാര്‍ കോളേജുകള്‍ തീരെ കുറവാണ്. ഇ.കെ. നായനാരുടെ ഭരണകാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.ജെ. ജോസഫ് പ്ലസ്ടു കോഴ്‌സ്മുഴുവന്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്ക് നല്‍കിഎസ്എന്‍ഡിപിയെ അവഗണിച്ചു. എസ്എന്‍ കോളേജുകള്‍ക്ക് നല്ല കോഴ്‌സുകള്‍ അനുവദിച്ചില്ല. ഈഴവര്‍ക്ക് കേരള സമ്പദ്‌വ്യവസ്ഥയിലുള്ള ചെറിയപങ്ക് ഇല്ലാതാക്കാന്‍ ബാറുകള്‍ നിരോധിച്ചു. ബീവറേജസ് കടകള്‍ പൂട്ടാത്ത സര്‍ക്കാരിന്റെ ലക്ഷ്യം മദ്യനിരോധനമല്ല എന്ന് വ്യക്തമായി. ബാറുകള്‍ പൂട്ടിയത് അനേകം ഈഴവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തി. ഏറ്റവും പരിതാപകരം ഇതാണ്:  പിണറായി അദ്ദേഹത്തിന്റെ 'കേരളകൗമുദി' ലേഖനത്തില്‍, അദ്ദേഹത്തിന് വശമുള്ള കമ്മ്യൂണിസ്റ്റ് ജാര്‍ഗണുകളും ക്ലീഷേകളും യഥേഷ്ടം പ്രയോഗിക്കുന്നുവെങ്കിലും, ഈഴവസഖാക്കള്‍ പാര്‍ട്ടിയില്‍നിന്നും അകന്നുപോകാനുള്ള യഥാര്‍ത്ഥ കാരണങ്ങളിലേക്കും അതിന്റെ നീണ്ടചരിത്രത്തിലേക്കും ബുദ്ധിപൂര്‍വ്വം കടക്കുന്നില്ല. ആ അകല്‍ച്ചയുടെ ആരംഭം വളരെ ലോലവും, അകല്‍ച്ചയുടെ വളര്‍ച്ച വളരെ മന്ദഗതിയിലും ആയിരുന്നു. ഒരുചെറിയ തീപ്പൊരി പതിയെ വന്‍ അഗ്‌നിബാധയായി മാറുന്നപോലെ. ഏതായിരുന്നു ആ തീപ്പൊരി? 'കേരം തിങ്ങും കേരളനാട് കേയാര്‍ ഗൗരി ഭരിച്ചീടും' എന്ന അലസിപ്പോയ 1987ലെ മുദ്രാവാക്യം. ആ തീപ്പൊരി ആളിയതെന്ന്? മറ്റൊരു തിരുവിതാംകൂര്‍ ഈഴവമുഖ്യമന്ത്രിസ്ഥാനാര്‍ഥിക്ക്  2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യം സീറ്റ്തന്നെ നിഷേധിച്ചപ്പോള്‍.പിണറായീ, ഒരു ലേഖനത്തില്‍ തീര്‍ക്കാവുന്നതല്ല, പാര്‍ട്ടിയോടുള്ള ഈഴവ ക്രോധം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.