ആനകള്‍ക്കുമുണ്ട് കര്‍ക്കടകം; സുഖചികിത്സയും

Sunday 9 August 2015 10:13 pm IST

പാലക്കാട്: കര്‍ക്കിടകമാസമെന്നാല്‍ നമുക്ക് സുഖചികിത്സയുടെ സമയമാണ്. മനുഷ്യര്‍ക്കുമാത്രമല്ല ആനകള്‍ക്കുമുണ്ട് സുഖചികിത്സ. ഒന്നരമാസത്തോളം ഔഷധക്കൂട്ടുകളും, ചികിത്സയും സുഭിക്ഷമായ തീറ്റയും ലഭിക്കുന്ന കാലം. ആനക്കമ്പം മൂത്ത് 14ഓളം ആനകളെ സ്വന്തമാക്കുകയും കേരളത്തില്‍ തന്നെ ഏറെ അറിയപ്പെടുന്നതുമായ ആനത്തറവാടായ പാലക്കാട് ജില്ലയിലെ മംഗലാംകുന്നിലാണ് ഗജവീരന്‍മാരുടെ സുഖചികിത്സ. കര്‍ക്കടകമാസത്തിലാണ് ആനകള്‍ക്കും സുഖചികിത്സ നല്‍കുന്നത്. ആയുര്‍വേദ, അലോപ്പതി മരുന്നുകളും വയറുനിറയെ ഭക്ഷണവും കര്‍ക്കടക മാസത്തില്‍ നല്‍കുന്നു. മിഥുനമാസം അവസാനത്തോടെയാണ് ചികിത്സ ആരംഭിക്കുക. പണ്ട് ആയുര്‍വേദ ചികിത്സയായിരുന്നെങ്കിലും ഇന്ന് അത് അലോപ്പതി ചേര്‍ന്നുള്ള ചികിത്സയിലേക്ക് വഴിമാറിയിരിക്കുകയാണ്. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോ. ഗിരിദാസിന്റെ നേതൃത്വത്തില്‍ അലോപ്പതിയും അവണപറമ്പ് മന മഹേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ ആയുര്‍വേദ ചികിത്സയുമാണ് ആനകള്‍ക്ക് നല്‍കുന്നത്. ആനകളുടെ പ്രായവും സ്വാഭാവവും കണക്കിലെടുത്താണ് ചികിത്സ. ആദ്യം വിരശല്യത്തിന് മരുന്ന് നല്‍കും. ആനയുടെ ഭാരമനുസരിച്ചാണ് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു ടണ്‍ ഭാരമുള്ള ആനക്ക് 2500 എംജി ഗുളിക മൂന്നുതവണയായി നല്‍കും. ഇതിനു ശേഷമാണ് മറ്റു ചികിത്സകളും മരുന്നും നല്‍കി തുടങ്ങുക. രണ്ടാമതായി ഏലത്തരി, വിഴാലരി, തിപ്പലി, ഇന്ദുപ്പ്, മരമഞ്ഞള്‍തൊലി, ചുക്ക്, മഞ്ഞള്‍,അയമോദകം, ജീരകം, കഴഞ്ചിക്കുരു, കരിഞ്ചീരകം, കായം എന്നിവ തെങ്ങിന്‍കള്ളില്‍ ചേര്‍ത്ത് നല്‍കുന്ന കള്ളുംപൊടിയാണ് ഏറ്റവും പ്രധാനം. 10 ദിവസം ഈ മരുന്ന് നല്‍കും. ആനയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ചികിത്സയാണിതത്രെ. ചികിത്സയില്‍ ഏറെ ശ്രദ്ധേയമായത് പ്രോട്ടീനിനായി മാംസം നല്‍കുന്നതാണ്. സസ്യഭുക്കായ ആനക്ക് ആട്ടിന്‍ തലയുടെയും കോഴിയുടെയും സൂപ്പുണ്ടാക്കി നല്‍കും. ശര്‍ക്കരപ്പാവില്‍ ആട്ടിന്‍ സൂപ്പ്, ഔഷധക്കൂട്ടുകള്‍, കല്‍ക്കണ്ടം, തേന്‍ എന്നിവ ചേര്‍ത്ത്കുഴച്ച് ഉരുളയാക്കി ദിവസം ഓരോ കിലോ വച്ച് നല്‍കും. പ്രായംകുറഞ്ഞ ആനയ്ക്ക് ആട്ടിന്‍ സൂപ്പ് നല്‍കാറില്ല. പകരം ഈന്തപ്പഴവും എള്ള് അരച്ച് എണ്ണയോടെയാണ് നല്‍കുന്നത്. ആനയുടെ ശരീരത്തിന് മിനുക്കം കിട്ടാനാണ് എള്ള് നല്‍കുന്നത്. മഴക്കാലമായതിനാല്‍ തണുപ്പു സംബന്ധമായ രോഗങ്ങളില്‍ നിന്ന് രക്ഷനേടാനായി ഞവരയരി ചോറില്‍ കുറുന്തോട്ടിയും ദശമൂലവും ചേര്‍ത്തു നല്‍കും. മറ്റുമൃഗങ്ങളെപ്പോലെ അയവിറക്കാത്ത ആനയുടെ ദഹനം  പതുക്കെ ആയതിനാല്‍ എരണ്ടക്കെട്ട് എന്ന രോഗം വരാന്‍ സാധ്യത ഏറെയാണ്. ആനകളെ ബാധിക്കുന്ന ഏറ്റവും അപകടകരമായ അസുഖമാണ് എരണ്ടകെട്ട്. ദഹനസംബന്ധമായ രോഗശമനത്തിന് അഷ്ടചൂര്‍ണ്ണവും ഇക്കാലയളവില്‍ നല്‍കുന്നുണ്ട്. കൂടാതെ നെല്ലിക്ക, ച്യവനപ്രാശം, നവധാന്യങ്ങള്‍കൊണ്ടുണ്ടാക്കിയ ചോറ് എന്നിവയും കൊടുക്കുന്നു. രാവിലെ കുളിപ്പിച്ചതിനുശേഷം കഞ്ഞിയും ഉച്ചയ്ക്ക് ചോറും നല്‍കും. പനമ്പട്ടയുടെ ക്ഷാമമുള്ളതിനാല്‍ പുല്ലും കൊടുക്കുന്നുണ്ട്. ആനക്കമ്പം മൂത്ത് 1976ല്‍ ഒരാനയില്‍ തുടങ്ങിയ മംഗലാംകുന്ന് തറവാട്ടിലിന്ന് തലയെടുപ്പുള്ള 14 ആനകളുണ്ട്. 22000 രൂപയ്ക്ക് ഉത്തര്‍പ്രദേശില്‍ നിന്നാണ് ആദ്യത്തെ ആനയെകൊണ്ടുവന്നത്. എന്നാലിന്ന് ലക്ഷണമൊത്ത ഒരാന സ്വന്തമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണം. മംഗലാകുന്ന് എന്ന് കേള്‍ക്കുമ്പോള്‍തന്നെ ആനപ്രേമികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക മംഗലാംകുന്ന് കര്‍ണ്ണനെയാണ്. തലയെടുപ്പിന്റെ തലതൊട്ടപ്പന്‍, അതാണ് മംഗലാംകുന്ന് കര്‍ണ്ണന്‍. ആനപ്രേമികളുടെ പ്രിയങ്കരരായ അയ്യപ്പന്‍, ഗണപതി, ശരണ്‍ അയ്യപ്പന്‍, ഗണേശന്‍, ഗുരുവായൂരപ്പന്‍, ഗജേന്ദ്രന്‍, വിജയന്‍, കൃഷ്ണന്‍കുട്ടി, കേശവന്‍, രാമചന്ദ്രന്‍, മുകുന്ദന്‍, രാജന്‍ എന്നിവയാണ് മംഗലാംകുന്നിലെ മറ്റു ആനകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.