ചെല്‍സിക്ക് സമനില

Sunday 9 August 2015 11:41 pm IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജേതാക്കള്‍ ചെല്‍സിക്ക് നിരാശയോടെ തുടക്കം. ഹോം ഗ്രൗണ്ട് സ്റ്റാംഫോഡ് ബ്രിഡ്ജില്‍ സ്വാന്‍സീ സിറ്റിയോട് സമനിലയില്‍ കുരുങ്ങിയ ചെല്‍സിക്ക് (2-2), ഒന്നാം നമ്പര്‍ ഗോളി തിബൗട്ട് കൗര്‍ട്ടിയസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ഇരട്ട പ്രഹരമായി. ഗോള്‍ തടയാനുള്ള ശ്രമത്തില്‍ ബഫേറ്റിംബി ഗോമിസിനെ വീഴ്ത്തിയതിനാണ് കൗര്‍ട്ടിയസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ അടുത്ത മത്സരം കൗര്‍ട്ടിയസിന് നഷ്ടമാകും. മത്സരം തുടങ്ങി 23ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഓസ്‌കര്‍ ചെല്‍സിയെ മുന്നിലെത്തിച്ചു (1-0). ആറു മിനിറ്റിനു ശേഷം ആന്ദ്രെ അയു സ്വാന്‍സീക്ക് സമനില നല്‍കി (1-1). ഒരു മിനിറ്റിനു ശേഷം സെല്‍ഫ് ഗോളിലൂടെ ഭാഗ്യം ചെല്‍സിയെ തേടിയെത്തി. വില്യന്റെ ക്രോസ് തടയാനുള്ള ശ്രമത്തില്‍ ഫെഡെറികൊ ഫെര്‍ണാണ്ടസിന്റെ കാലില്‍ തട്ടിയ പന്ത് സ്വന്തം പോസ്റ്റില്‍ (2-1). ഇടവേള കഴിഞ്ഞ് തിരിച്ചെത്തി പത്താം മിനിറ്റില്‍ ദൗര്‍ഭാഗ്യമാണ് ചെല്‍സിയെ കാത്തിരുന്നത്. ഗോള്‍മുഖത്ത് ഭീതി പരത്തിയ ബഫേറ്റിംബി ഗോമിസിനെ തടയാനുള്ള കൗര്‍ട്ടിയസിന്റെ ശ്രമം പിഴച്ചു. ബോക്‌സിന്റെ അതിര്‍ത്തിയിലേക്ക് ഓടിക്കയറി ഗോമിസിനെ വീഴ്ത്തിയ കൗര്‍ട്ടിയസിന് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കാന്‍ റഫറി മൈക്കിള്‍ ഒലിവര്‍ അമാന്തിച്ചില്ല, ഒപ്പം പെനല്‍റ്റിയും. കിക്കെടുത്ത ഗോമിസ് പകരക്കാരന്‍ ഗോളി അസ്മിര്‍ ബെഗോവിച്ചിനെ കബളിപ്പിച്ച് പന്ത് ലക്ഷ്യത്തിലെത്തിച്ചു (2-2). അടുത്തയാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ നീലപ്പടയുടെ അടുത്ത മത്സരം. മറ്റു മത്സരങ്ങളില്‍ ആസ്റ്റണ്‍വില്ല 1-0ന് ബേണ്‍മൗത്തിനെ കീഴടക്കിയപ്പോള്‍, ലെയ്‌സെസ്റ്റര്‍ സിറ്റി സണ്ടര്‍ലാന്‍ഡിനെയും (4-2), ക്രിസ്റ്റല്‍ പാലസ് നോര്‍വിച്ച് സിറ്റിയെയും തോല്‍പ്പിച്ചു (3-1). എവര്‍ട്ടണ്‍-വാറ്റ്‌ഫോര്‍ഡ് മത്സരം സമനിലയില്‍ (2-2).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.