തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ഗവര്‍ണര്‍ വിശദീകരണം തേടി

Monday 10 August 2015 12:21 am IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പുതിയ വാര്‍ഡുകളുടെ വിഭജനം നീളുന്നതിനാല്‍ 2010ലെ പഴയ വാര്‍ഡ് പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നിലപാട് വ്യക്തമാക്കി കമ്മീഷന്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍. പ്രതിസന്ധി പരിഹരിച്ച് വ്യക്തത വരുത്തണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാവശ്യപ്പെടുന്നതിന്റെ സാധ്യതകളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പഞ്ചായത്തീ രാജ് നിയമത്തിലെ സെക്ഷന്‍ 151 ഇതിനനുവദിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. പ്രശ്‌നപരിഹാരത്തിനായി കമ്മീഷനുമായി സര്‍ക്കാര്‍ അടുത്തദിവസം ചര്‍ച്ച നടത്തും. ഭരണഘടനപ്രകാരം സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതി നവംബര്‍ ഒന്നിന് അധികാരമേല്‍ക്കണമെന്നാണ് വ്യവസ്ഥ.ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.