ഫേസ്ബുക്കിലും ഭാരത സൈന്യത്തിന്റെ വീരഗാഥ

Monday 10 August 2015 12:47 am IST

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും പ്രചാരമുള്ള സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലും ഭാരത സൈന്യത്തിന്റെ വീരഗാഥ. ഏറ്റവും ജനപ്രിയമായ എഫ്ബി പേജുകളുടെ പട്ടികയില്‍ ഭാരതം ഒന്നാം സ്ഥാനം പിടിച്ചടക്കി. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് 'ഇന്ത്യന്‍ ആര്‍മി'യുടെ എഫ്ബി പേജ് ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. നാസയും എഫ്ബിഐയും സിഐഎയും അടക്കമുള്ള  വിദേശ സര്‍ക്കാര്‍  സംവിധാനങ്ങളെല്ലാം പ്രചാരത്തിന്റെ കാര്യത്തില്‍ ഭാരത സൈന്യത്തിന്റെ പിന്നിലായിക്കഴിഞ്ഞു. രണ്ടുമാസത്തിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേജ് (പീപ്പിള്‍ ടോക്കിങ് എബൗട്ട് ദാറ്റ്,  പിടിഎടി) ഭാരത സൈന്യത്തിന്റേതാണ്. എത്രപേര്‍ ചര്‍ച്ച ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. 2012 ജൂണ്‍ ഒന്നിനാണ് ഭാരത സൈന്യം ഫേസ്ബുക്ക് അക്കൗണ്ട് തുറന്നത്. അന്നു മുതല്‍ ഇന്നുവരെ 29 ലക്ഷം പേര്‍ എഫ്ബി പേജ് ലൈക്ക് ചെയ്തു. ഫേസ്ബുക്ക് പേജ് മാത്രമല്ല ഭാരത സൈന്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും പ്രചാരത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ത്തന്നെ. ഓരോ ആഴ്ചയും 25 ലക്ഷം ഹിറ്റുകള്‍ അതിനു ലഭിക്കുന്നു. ഭാരത സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് 4, 4700 ഫോളോവേഴ്‌സുമുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം സോഷ്യല്‍ മീഡിയയിലും ഭാരതവും പാക്കിസ്ഥാനും തമ്മിലാണ് യുദ്ധമെന്നതാണ്. കംപ്യൂട്ടര്‍ വഴി ബന്ധിക്കുന്ന  ഇന്റര്‍നെറ്റ്    അതിര്‍ത്തി (ജിയോ ലൊക്കേഷന്‍) കടക്കാന്‍ ഭാരത സൈന്യത്തിന്റെ ഫേസ്ബുക്ക് പേജിനെ പാക്കിസ്ഥാന്‍ അനുവദിച്ചിട്ടില്ല; ഭാരതം തിരിച്ചും. പാക്കിസ്ഥാനിലുള്ള ഒരാള്‍ക്ക് ഭാരത സൈന്യത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഭാരതത്തിലുള്ളയാള്‍ക്ക് പാക് പട്ടാളത്തിന്റെ എഫ്ബി അക്കൗണ്ടും സന്ദര്‍ശിക്കാനാവില്ലെന്നു സാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.