വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നു

Monday 10 August 2015 12:13 pm IST

അനന്തു തലവൂര്‍ പത്തനാപുരം: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപദ്ധതി താളം തെറ്റുന്നു. സ്‌കൂളുകളിലെ പ്രഥമ അധ്യാപകനടക്കം വലിയ സാമ്പത്തികനഷ്ടമാണ് വരുത്തുന്നത്. പാഠപുസ്തക വിവാദത്തിനു പിന്നാലെ വിദ്യാലയങ്ങളിലെ അധ്യാപകരെ വട്ടം കറക്കുകയാണ് ഉച്ചഭക്ഷണപദ്ധതി. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യഉച്ചഭക്ഷണം ഒരുക്കുന്നത്. ഇതിനായി നൂറ് കുട്ടികള്‍ ഉള്ള സ്‌കൂളില്‍ ഒരു കുട്ടിക്ക് അഞ്ചുരൂപയും നൂറില്‍ കൂടുതലാണെങ്കില്‍ ആറുരൂപയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പാചകക്കൂലിയും അഞ്ച് രൂപയില്‍ ഉള്‍പ്പെടും. ആറുരൂപയാണെങ്കില്‍ 200 രൂപ പാചകാവശ്യങ്ങള്‍ക്കായി നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് നല്‍കേണ്ട ആഹാരവും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് തവണ പാലും ഒരു ദിവസം മുട്ടയും നിര്‍ബന്ധമായും നല്‍കണം. 150 മില്ലി ലിറ്റര്‍ പാലാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. ഉച്ചഭക്ഷണമായി ചോറും പച്ചക്കറിയും പയറുവര്‍ഗങ്ങളും വേണം. ഇതില്‍ അരി മാത്രമാണ് സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ നിന്നും ലഭിക്കുന്നത്. ആദ്യം പയര്‍ ഉള്‍പ്പെടെ ലഭിച്ചിരുന്നു. എന്നാല്‍ വിലവര്‍ധനവ് കാരണം പയര്‍ സര്‍ക്കാര്‍ തന്നെ നിര്‍ത്തി. 2012-13ല്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം. കുട്ടിയുടെ വളര്‍ച്ചക്ക് അനുപാതികമായി കലോറി കൂടിയ ഭക്ഷണമാണ് നല്‍കേണ്ടത്. ഇതിനു പുറമെ പിടിഎയുമായും രക്ഷിതാക്കളുമായും സഹകരിച്ച് രാവിലെയും ആഹാരം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. പലവ്യജ്ഞനത്തിനും പച്ചക്കറികള്‍ക്കും അധ്യാപകര്‍ തന്നെയാണ് പണം മുടക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിയുടെ പ്രത്യേക രേഖകളും രജിസ്ട്രറുകളും യഥാസമയങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന് നല്‍കുകയും വേണം. സംസ്ഥാനത്തെ മലയോര-വനമേഖലയിലെ സ്‌കൂളുകളെയാണ് ഈ പദ്ധതി വെട്ടിലാക്കിയിരിക്കുന്നത്. ഇത്തരം പ്രദ്ദേശങ്ങളിലെ നിര്‍ധനകുടുംബങ്ങളിലുള്ള കുട്ടികള്‍ മിക്കവരും ഉച്ചഭക്ഷണം ഉള്‍പ്പെടെ പ്രതീക്ഷിച്ചാണ് സ്‌കൂളിലെത്തുക. ഇതുകാരണം പരിപാടി നിര്‍ത്തിവയ്ക്കാനും കഴിയാറില്ല. പ്രതിമാസം അയ്യായിരത്തിലധികം രൂപയാണ് അധ്യാപകരില്‍ നിന്നും നഷ്ടമാകുന്നത്. നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പ്രധാന അധ്യാപകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.