മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്റര്‍‌നെറ്റില്‍

Friday 1 July 2011 1:16 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ തത്സമയം കാണാം. www.keralacm.gov.in എന്ന വെബ്‌സൈറ്റിലാവും തത്സമയ ദൃശ്യങ്ങള്‍ ഉണ്ടാവുക. നാലു ക്യാമറകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാം സുതാര്യമായി നടക്കണമെന്ന സര്‍ക്കാര്‍ സമീപനത്തിന്റെ ഭാഗമായാണ് സംവിധാനത്തിന് തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 24 മണിക്കൂര്‍ ഓഫീസിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് കാണാം. ഓഫീസില്‍ നടക്കുന്ന യോഗങ്ങള്‍, പത്രസമ്മേളനങ്ങള്‍ എന്നിവയെല്ലാം ജനങ്ങള്‍ക്ക് വെബ്‌സൈറ്റിലൂടെ കാണാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന വെബ് സൈറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ച വേളയിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം തത്സമയം കാണാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 2004 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയപ്പൊഴും ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വെബ്‌സൈറ്റിലൂടെ മുഖ്യമന്ത്രിക്ക് പരാതികള്‍ നല്‍കാന്‍ കഴിയുന്ന സംവിധാനവും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.