തിക്കോടിയില്‍ ടാങ്കര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Monday 10 August 2015 4:41 pm IST

പയ്യോളി: ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. പയ്യോളി കിഴൂര്‍ പള്ളിക്കര മുറി സോമന്‍-സുഷമ ദമ്പതികളുടെ മകന്‍ സജിന്‍ സോമന്‍ (24), കിഴൂര്‍ വേങ്ങോട്ട് നാരായണന്റെ മകന്‍ നിഖില്‍ എന്ന കുക്കു (22) എന്നിവരാണ് മരിച്ചത്. തിക്കോടി പെട്രോള്‍ പമ്പിനു സമീപമുള്ള മാപ്പിള എല്‍പി സ്‌കൂളിനു മുന്‍പില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 56 എല്‍. 9147 ഹോണ്ട യൂനികോണ്‍ ബൈക്ക് എതിരെ വന്ന കെഎ 01 എഡി 2955 ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് കിഴൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാക്കള്‍. പരിക്കേറ്റ സജിന്‍ സോമന്‍ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. നിഖിലിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ആറോടെ മരിച്ചു. ചന്ദ്രിയാണ് നിഖിലിന്റെ അമ്മ. സഹോദരങ്ങള്‍ നിധിന്‍, നീതു. സൗമ്യയാണ് സജിനിന്റെ സഹോദരി. കൊയിലാണ്ടിയില്‍ പുതുതായി ആരംഭിക്കുന്ന ഡാന്‍സ് സ്‌കൂളിന്റെ ഉദ്ഘാടന പരിപാടിയുമായി ബന്ധപെട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍ പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.