തൊട്ടതെല്ലാം പിഴച്ച് സിപിഎം; അവസാനമായി ഇരുപ്പ് സമരത്തിന്

Monday 10 August 2015 7:48 pm IST

ആലപ്പുഴ: വരുന്ന നിയമസഭാ, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തുന്നതിനായി സിപിഎം നടത്തിയ സഖ്യനീക്കങ്ങളും അടവു നയങ്ങളുമെല്ലാം പരാജയപ്പെട്ടു. ഇത് കണ്ണൂര്‍ ലോബിക്ക് കനത്ത തിരിച്ചടിയായി. ആര്‍എസ്പി, വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യു എന്നിവയെ എല്‍ഡിഎഫിലേക്ക് മടക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഫോര്‍വേഡ് ബ്ലോക്ക്, സിഎംപിയിലെ ഒരുവിഭാഗം തുടങ്ങി ജനപിന്തുണയില്ലാത്ത ഏതാനും പാര്‍ട്ടികള്‍ മാത്രമാണ് എല്‍ഡിഎഫില്‍ ചേരാന്‍ നിലവില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. വിവിധ ലക്ഷ്യങ്ങളോടെ ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മയെ മടക്കിയെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളും തീര്‍ത്തും പരാജയപ്പെട്ടതോടെ മുഴുവന്‍ തന്ത്രങ്ങളും പിഴച്ച ഗതികേടിലാണ് സിപിഎം നേതൃത്വം.എസ്എന്‍ഡിപിയുമായി അകന്നതോടെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നില കൂടുതല്‍ പരിതാപകരമാകാനാണ് സാദ്ധ്യത. അതിനിടെ കണ്ണൂര്‍ ലോബി എസ്എന്‍ഡിപി നേതൃത്വത്തിനും ഈഴവ സമുദായത്തിനും നേരെ നടത്തുന്ന വിമര്‍ശനത്തില്‍ തെക്കന്‍ ജില്ലകളിലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ പോലും അസംതൃപ്തരാണ്. സംസ്ഥാനത്ത് വര്‍ഗ്ഗീയ പ്രീണനം കൂടുതല്‍ നടത്തുന്ന പാര്‍ട്ടി സിപിഎം ആണെന്ന് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചിട്ടുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ മന്ത്രിയായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളെ വെള്ളാപ്പള്ളി നടേശന്‍ കൊല്ലത്ത് നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വരെ പുകഴ്ത്തി പറഞ്ഞെന്നാണ് പാര്‍ട്ടി നേതാവ് ജി. സുധാകരന്‍ മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ടെന്ന് സമ്മതിക്കുകയായിരുന്നു സുധാകരന്‍. ഇപ്പോഴനിലവില്‍ സിപിഐ ഒഴിച്ച് ജനപിന്തുണയുള്ള ഒരു ഘടകകക്ഷിയും ഒപ്പമില്ലെന്ന പ്രതിസന്ധിയിലാണ് സിപിഎം. അതിനാല്‍, ന്യൂനപക്ഷ സംരക്ഷണമെന്ന മുദ്രാവാക്യം കൂടുതല്‍ ശക്തമാക്കാനാണ് സിപിഎം നീക്കം. ആരെതിര്‍ത്താലും ന്യൂനപക്ഷ അനുകൂല നയം സിപിഎം ഉപേക്ഷിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ ആവര്‍ത്തിച്ചു. സിപിഎമ്മിന്റെ ഏറ്റവും പ്രധാന പാര്‍ട്ടി പരിപാടിയാണ് ന്യൂനപക്ഷ അനുകൂല സമീപനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ സിപിഎമ്മിനെ സഹായിച്ചതായും സുധാകരന്‍ വ്യക്തമാക്കി. രണ്ടു ദശാബ്ദങ്ങള്‍ മുമ്പ് നടത്തിയ മനുഷ്യച്ചങ്ങല പുതിയ രൂപത്തില്‍ ഇരുപ്പ് സമരമെന്ന പേരില്‍ അവതരിപ്പിച്ച് പാര്‍ട്ടിയുടെ തിരിച്ചടികള്‍ മറച്ചു പിടിക്കാനാണ് സിപിഎം നീക്കം.  ഒരു മാസത്തിലേറെയായി പണം വാരിക്കോരി ചെലവഴിച്ച് പ്രക്ഷോഭം വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഇന്നത്തെ ഇരുപ്പ് സമരത്തിനും ചലനമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടും. ഈ സാഹചര്യത്തില്‍ നേരത്തെ വെട്ടി നിരത്തപ്പെട്ട വിഎസ് അനുകൂലികളെപ്പോലും സമരത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തേണ്ട ഗതികേടിലാണ് ഔദ്യോഗികപക്ഷം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.