പിബി അംഗങ്ങള്‍ക്ക് തിരുത്ത് ജെഎസ്എസ് : എതിര്‍പ്പ് പരസ്യമാക്കി സുധാകരന്‍

Monday 10 August 2015 8:44 pm IST

ആലപ്പുഴ: കെ.ആര്‍. ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ്സിനെ പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതിനെതിരെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന എതിര്‍പ്പ് മുതിര്‍ന്ന ജി. സുധാകരന്‍ എംഎല്‍എ ആവര്‍ത്തിച്ചു. ഗൗരിയമ്മയ്ക്ക് എപ്പോള്‍ വേണമെങ്കിലും സിപിഎമ്മിലേക്ക് മടങ്ങിയെത്താം. അല്ലാതെ ജെഎസ്എസ് ലയനമൊന്നും സിപിഎമ്മിന്റെ അജണ്ടയിലില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. മറ്റൊരു പാര്‍ട്ടി സിപിഎമ്മില്‍ ലയിക്കുന്നതിന് കേന്ദ്രകമ്മറ്റിയുടെയും പോളിറ്റ് ബ്യൂറോയുടെയും അംഗീകാരം വേണം. ലയനം സംബന്ധിച്ച് പാര്‍ട്ടി വേദികളിലൊന്നും യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സുധാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് ആഗസ്റ്റ് 19ന് ജെഎസ്എസ്- സിപിഎം ലയന സമ്മേളനം നടക്കുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച വാര്‍ത്ത വന്നപ്പോഴും കോടിയേരി തിരുത്തിയില്ല. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് നേരിട്ട് ലയനം ഉടന്‍ ഇല്ലെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചതോടെയാണ് പിണറായിയും കോടിയേരിയും നേരിട്ടു നടത്തിയ ലയന നീക്കങ്ങള്‍ പൊളിഞ്ഞത്. എന്നാല്‍ ലയനം പാര്‍ട്ടി നയമല്ലെന്ന് പ്രഖ്യാപിച്ചതുവഴി പിബി അംഗങ്ങളായ പിണറായിയെയും കോടിയേരിയെയുമാണ് സുധാകരന്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും സുധാകരനെപിന്തുണച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.