ലോക ബാഡ്മിന്റണ്‍; കശ്യപ്, പ്രണോയ് രണ്ടാം റൗണ്ടില്‍

Monday 10 August 2015 10:52 pm IST

എറിക് മെജിസിനെതിരേ കശ്യപിന്റെ റിട്ടേണ്‍

ജക്കാര്‍ത്ത: ഇന്ത്യന്‍ താരങ്ങള്‍ പി. കശ്യപും, എച്ച്.എസ്. പ്രണോയ്‌യും ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ കൂടിയായ പത്താം സീഡ് കശ്യപ് നെതര്‍ലന്‍ഡ്‌സിന്റെ എറിക് മെജിസിനെ തുടര്‍ച്ചയായ ഗെയിമില്‍ തുരത്തി, സ്‌കോര്‍: 21-17, 21-10. ആദ്യ ഗെയിമില്‍ മികച്ച പോരാട്ടം കാഴ്ചവച്ച എറിക്, രണ്ടാമത്തേതില്‍ നിരാശപ്പെടുത്തി. വിയറ്റ്‌നാമിന്റെ യൂജിന്‍ ടിയെന്‍ മിങ് രണ്ടാം റൗണ്ടില്‍ കശ്യപിനെ നേരിടും.

ഇന്തോനേഷ്യന്‍ ചാംപ്യനും പതിനൊന്നാം സീഡുമായ മലയാളി താരം പ്രണോയ് ബ്രസീലിന്റെ അലെക്‌സ് യുവാന്‍ തോങ്ങിനെ തുടര്‍ച്ചയായ ഗെയിമില്‍ വീഴ്ത്തി, സ്‌കോര്‍: 21-12, 21-16. ആദ്യ ഗെയിമില്‍ അലെക്‌സ് നിറം മങ്ങി. രണ്ടാമത്തേതില്‍ തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. പ്രണോയ് വരുത്തിയ പിഴവുകള്‍ മുതലാക്കാനും ബ്രസീല്‍ താരത്തിനായില്ല. ഉഗാണ്ടയുടെ എഡ് വിന്‍ എകിങ് അടുത്ത വട്ടത്തില്‍ പ്രണോയുടെ എതിരാളി. പരുക്കു മൂലം കളിക്കളത്തില്‍നിന്നു വിട്ടുനിന്നിരുന്ന പ്രണോയ്ക്ക് തകര്‍പ്പന്‍ തിരിച്ചുവരവ്.

എച്ച്.എസ്. പ്രണോയ്‌

അതേസമയം, ഇന്ത്യയുടെ ഡബിള്‍സ് ടീമുകള്‍ക്ക് നിരാശ. മിക്‌സഡ് ഡബിള്‍സില്‍ മലയാളി സഖ്യം അരുണ്‍ വിഷ്ണു-അപര്‍ണ ബാലന്‍ റഷ്യയുടെ എവ്ജിനി ഡ്രെമിന്‍-എവ്ജിന ഡിമോവ ജോഡിയോട് തോറ്റു, സ്‌കോര്‍: 18-21, 21-10, 22-24. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാമത്തേതില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും അവസാനത്തേതില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ താരങ്ങള്‍. അവസാന മിനിറ്റ് വരെ പൊരുതി. എന്നാല്‍, ആ ഘട്ടത്തില്‍ വരുത്തിയ പിഴവുകള്‍ വിനയായി. തരുണ്‍ കോന-സിക്കി റെഡ്ഡി സഖ്യത്തിനും തോല്‍വി. ചൈനീസ് തായ്‌പേയിയുടെ ലിയാവോ മിന്‍ ചുന്‍-ചെന്‍ സിയാവോ ഹുവാന്‍ സഖ്യം തുടര്‍ച്ചയായ ഗെയിമില്‍ ഇന്ത്യന്‍ വെല്ലുവിളി അവസാനിപ്പിച്ചു, സ്‌കോര്‍: 21-13, 21-17.

പുരുഷന്മാരില്‍ കെ. ശ്രീകാന്തും, വനിതകളില്‍ ഒളിംപിക് വെങ്കല മെഡല്‍ ജേത്രി സൈന നേവാളും, ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലത്തിനുടമയായ പി.വി. സിന്ധുവും ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.