സീതത്തോട് പഞ്ചായത്തില്‍ ജില്ലാതല മോക് പോള്‍ നാളെ

Tuesday 11 August 2015 8:20 pm IST

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി മള്‍ട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നാളെ സീതത്തോട് ഗ്രാമപഞ്ചായത്തില്‍ ജില്ലാതല മോക് പോള്‍ നടക്കും. സീതത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വോട്ടര്‍മാര്‍ക്ക് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വോട്ടിംഗ് യന്ത്രം പരിചയപ്പെടുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്യാം. ഇത്തവണ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യമുള്ള മള്‍ട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഉള്‍പ്പെടും. ഗ്രാമം, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വോട്ടര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാം. ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെ പേര് ഉള്‍പ്പെടുന്ന ബാലറ്റ് യൂണിറ്റിലെ ലേബലിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെ പേര് ഉള്‍പ്പെടുന്ന ബാലറ്റ് യൂണിറ്റിലെ ലേബലിന് പിങ്കും ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെ പേര് ഉള്‍പ്പെടുന്ന ബാലറ്റ് യൂണിറ്റിലെ ലേബലിന് ആകാശ നീല നിറവുമായിരിക്കും. ജില്ലാതല മോക് പോളിനായി ഗ്രാമപഞ്ചായത്തിലേക്ക് നാലും ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒന്‍പതും ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചും സ്ഥാനാര്‍ഥികളുടെ പേരുകളാകും മൂന്നു ബാലറ്റ് യൂണിറ്റുകളില്‍ സജ്ജീകരിക്കുക. ജില്ലാതല മോക്‌പോള്‍ വിജയകരമായി നടത്തുന്നതിന് ജനപങ്കാളിത്തം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെയും ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിന് ഇന്ന് രാവിലെ 11ന് സീതത്തോട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടിംഗ് മെഷീന്‍ സജ്ജമാക്കി കഴിഞ്ഞാല്‍ വോട്ടിംഗ് ബാലറ്റുകളിലെ ലൈറ്റ് പച്ച നിറത്തില്‍ തെളിയും. തുടര്‍ന്ന് വോട്ടര്‍ക്ക് ഗ്രാമം, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നീ മൂന്ന് വോട്ടിംഗ് ബാലറ്റുകളില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാം. മൂന്ന് വോട്ടും രേഖപ്പെടുത്തിയാലേ വോട്ടു രേഖപ്പെടുത്തിയതായി അറിയിക്കുകയുള്ളു. വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലാത്തവര്‍ക്കായി അവസാന വോട്ടിംഗ് ബാലറ്റില്‍ എന്‍ഡ് ബട്ടന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.