നക്ഷത്ര ആമയെ കടത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍

Tuesday 11 August 2015 10:50 pm IST

കുറുപ്പംപടി: നെടുമ്പാശ്ശേരി വിമാനത്താവളംവഴി മലേഷ്യയിലേയ്ക്ക് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി. കീഴില്ലം ഓലപ്പുര വീട്ടില്‍ ബെന്നിയുടെ മകന്‍ എല്‍ദോസ് ബെന്നി(19) ആണ് വനപാലകരുടെ പിടിയിലായത്. ഒന്നാംപ്രതി മഹേഷ്(22) നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ നല്‍കിയ വിവമനുസരിച്ചാണ് എല്‍ദോസിനെ അറസ്റ്റ് ചെയ്തത്. പ്രതികളെ കീഴില്ലത്തെ വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്നും വിലകൂടിയ മത്സ്യങ്ങളെയും വനപാലകര്‍ കണ്ടെടുത്തു. രായമംഗലം പഞ്ചായത്തിലെ നെല്ലിമോളം തായ്ക്കരചിറ റോഡില്‍ സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മഹേഷ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയാണ് ട്രോളിബാഗില്‍ ഒളിപ്പിച്ച 198 നക്ഷത്ര ആമകളെ മലേഷ്യയിലേക്ക് കടത്താന്‍ മഹേഷ് ശ്രമംനടത്തിയത്. ഇയാളെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറുകയായിരുന്നു. ബാഗ്ലൂരില്‍ നിന്നും 3500 രൂപാവിതം നല്‍കിയാണ് ഓരോ ആമകളേയും പ്രതികള്‍ വാങ്ങിയതെന്ന് വനപാലകര്‍ പറയുന്നു. രണ്ട് പ്രതികളേയും മലയാറ്റൂര്‍ കാരക്കാട് ഫോറസ്റ്റ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. നക്ഷത്ര ആമകളേയും മത്സ്യത്തേയും ഇവിടെ തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.