സഭയില്‍ കൊടുങ്കാറ്റായി സുഷമാ സ്വരാജ്

Thursday 13 August 2015 1:31 am IST

ന്യൂദല്‍ഹി: ലളിത് മോദി വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കോണ്‍ഗ്രസ് ദിവസങ്ങളായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ പറയാനുള്ളതെല്ലാം  പറഞ്ഞുതീര്‍ത്ത് സുഷമ നടത്തിയ പ്രസംഗം കോണ്‍ഗ്രസിന്റെ നാവടപ്പിച്ചു. ഭര്‍ത്താവും മകളും ലളിത് മോദിയുടെ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ സുഷമാ സ്വരാജ് ഒട്ടാവിയോ ക്വത്‌റോച്ചി എത്ര തന്നെന്ന് അമ്മയോട് ചോദിക്കാന്‍ രാഹുല്‍ഗാന്ധിയെ ഉപദേശിച്ചു. ലോക്‌സഭയില്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ സുഷമാ സ്വരാജിന്റെ ദിവസമായിരുന്നു. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിച്ച വിദേശകാര്യമന്ത്രി കോണ്‍ഗ്രസും ഗാന്ധികുടുംബവും നടത്തിയ അഴിമതിക്കഥകളും സഭയില്‍ വിവരിച്ചു. ബൊഫോഴ്‌സ് കേസിലെ പ്രതി ക്വത്‌റോച്ചിയെയും യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്‌സനെയും രക്ഷപ്പെടുത്താന്‍ രാജീവ്ഗാന്ധി അനുവദിച്ചതെന്തിനാണെന്ന് രാഹുല്‍ഗാന്ധി അമ്മയോട് ചോദിക്കണം. രാഹുല്‍ അവധിയെടുത്ത് നിരവധി വിദേശ യാത്രകള്‍ നടത്താറുള്ളയാളാണ്. അങ്ങനെ അവധിയാഘോഷിക്കുന്ന സമയം തനിച്ചിരിക്കുമ്പോള്‍ കുടുംബത്തിന്റെ ചരിത്രം പഠിക്കാന്‍ സമയം കണ്ടെത്തണം. എന്നിട്ട്  ക്വത്‌റോച്ചിയില്‍ നിന്നും എത്രരൂപ പണം കൈപ്പറ്റിയെന്ന് അമ്മ സോണിയാഗാന്ധിയോട് ചോദിക്കണമെന്നും സുഷമ പറഞ്ഞു. കുടുംബസുഹൃത്തിനെ രക്ഷപ്പെടുത്താനായി രാജീവ്ഗാന്ധി രഹസ്യമായി അമേരിക്കയിലെത്തിയതും സുഷമാ സ്വരാജ് രാഹുല്‍ഗാന്ധിയെ ഓര്‍മ്മിപ്പിച്ചു. ക്വത്‌റോച്ചിയേയും ആന്‍ഡേഴ്‌സനേയും രക്ഷപ്പെടാന്‍ അനുവദിച്ച കോണ്‍ഗ്രസ് നേതാക്കളാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. ഇവരാണ് തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുള്ളത്. തന്റെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ പാസ്‌പോര്‍ട്ട് കേസില്‍ ലളിത് മോദിയുടെ അഭിഭാഷകനല്ല. മകള്‍ ലളിത് മോദിയുടെ ആഭിഭാഷക സംഘത്തിലെ 11പേരില്‍ ഒരാള്‍ മാത്രമാണ്. മകള്‍ ലളിത് മോദിയില്‍ നിന്നും ഇതുവരെ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല.ഒരു കോടി രൂപ വാങ്ങി ഇന്‍കം ടാക്‌സ് വകുപ്പിനെതിരെ ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ ഹാജരായത് പി.ചിദംബരത്തിന്റെ ഭാര്യയാണ്. അന്ന് ചിദംബരം ധനമന്ത്രിയായിരുന്നു. ഇതാണ് അധികാരത്തിലിരുന്നുകൊണ്ടുള്ള വിവേചനപരമായ നടപടിക്ക് ഉദാഹരണം. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ലളിത് മോദിക്ക് യുകെയില്‍ തങ്ങാനുള്ള അനുമതി ലഭിക്കുന്നത്. യുപിഎ അധികാരത്തിലിരുന്ന കാലത്ത് മോദിക്കെതിരെ എന്ത് അന്വേഷണമാണ് നടത്തിയതെന്ന് വ്യക്തമാക്കാനും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. സുഷമാ സ്വരാജിന്റെ മറുപടിക്ക് ശേഷം രാഹുല്‍ഗാന്ധിയുടെ രണ്ടു മിനിറ്റ് മാത്രം നീണ്ട സംസാരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌ക്കരിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ മുഴുവനും ലളിത് മോദി വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാതെ ബഹളം തുടര്‍ന്ന കോണ്‍ഗ്രസ് ഇന്നലെ ഗത്യന്തരമില്ലാതെ സഭയില്‍ ചര്‍ച്ചയാവാമെന്ന നിലപാട് സ്വീകരിച്ചു. സുഷമാ സ്വരാജിനെതിരായ മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെയുടെ അവിശ്വാസ പ്രമേയം സ്പീക്കര്‍ അനുമതി നല്‍കില്ലെന്ന് അറിയിച്ചപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചര്‍ച്ചയ്ക്ക് അനുവദിക്കാമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം ഉപേക്ഷിച്ച് സഭാ നടപടികളുമായി സഹകരിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതംഗീകരിച്ചതോടെ രണ്ടര മണിക്കൂര്‍ നേരമാണ് ചര്‍ച്ചയ്ക്കായി സ്പീക്കര്‍ അനുവദിച്ചു. ആദ്യം ഖാര്‍ഗ്ഗെ ലളിത് മോദി വിഷയത്തിന്മേല്‍ കോണ്‍ഗ്രസ് നിലപാടുകള്‍ സഭയില്‍ ഉന്നയിച്ചു. എന്നാല്‍ പിന്നീട് സുഷമാ സ്വരാജ് കോണ്‍ഗ്രസിന്റെ നിലപാടുകളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി നടത്തിയ പ്രസംഗം സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും തിരിച്ചടിയായി. ലളിത് മോദി വിഷയത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ മറുപടിയോടെ ചര്‍ച്ചയില്‍ ദയനീയമായി പരാജയപ്പെട്ട പ്രതിപക്ഷം ലോക്‌സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് ഖാര്‍ഗ്ഗെ കൊണ്ടുവന്ന അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ സഭ തള്ളിക്കളയുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.