സിപിഎം സമരങ്ങള്‍ വീണ്ടും പൊളിയുന്നു; നേതൃമാറ്റവും ഫലം ചെയ്തില്ല

Wednesday 12 August 2015 11:18 pm IST

ആലപ്പുഴ: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം സിപിഎം കൊട്ടിഘോഷിച്ചു നടത്തിയ ഇരിപ്പുസമരവും പൊളിഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വത്തിനും പ്രതിസന്ധിയില്‍ നിന്നും പാര്‍ട്ടിയെ കരകയറ്റാനായില്ല. എസ്എന്‍ഡിപി യോഗനേതൃത്വത്തിനും ഈഴവ സമുദായത്തിനുമെതിരെ പിബി അംഗം പിണറായി വിജയന്‍ നടത്തിയ അവഹേളനപരമായ പരാമര്‍ശങ്ങളും പാര്‍ട്ടിയില്‍ ഇപ്പോഴും രൂക്ഷമായി തുടരുന്ന വിഭാഗീയതയുമാണ് സമരം ഇത്രയും ദയനീയമായി പൊളിയാന്‍ കാരണം. പിണറായിയുടെ പിന്‍ഗാമിയായി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ  വ്യക്തിപരമായ പരാജയംകൂടിയായി ഇരുപ്പ് സമരം പൊളിഞ്ഞത്. പിണറായിയുടെ കാലത്ത് നടന്നതു മുഴുവന്‍ ഒത്തുതീര്‍പ്പു സമരങ്ങളായിരുന്നുവെന്ന് വിമര്‍ശനം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ ഈ സമരമെങ്കിലും വിജയിപ്പിക്കേണ്ടത് കോടിയേരിക്ക് തന്റെ മുഖം രക്ഷിക്കാന്‍ അത്യാവശ്യമായിരുന്നു. പിണറായി സൂപ്പര്‍ സെക്രട്ടറി ചമയുന്നുവെന്നും പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായി ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് അരുവിക്കരയില്‍ പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ച പിണറായി, എസ്എന്‍ഡിപിയോഗത്തെ  അവഹേളിച്ച് ഇരുപ്പ് സമരവും പൊളിച്ചെന്നാണ് മറുപക്ഷത്തിന്റെ വിമര്‍ശനം. ഔദ്യോഗിക വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന ആലപ്പുഴ ജില്ലയിലാണ് സമരം ദയനീയമായി പരാജയപ്പെട്ടത്. നേരത്തെ വെട്ടിനിരത്തപ്പെട്ട വിഎസ് പക്ഷക്കാരെയും രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ എഴുതി നല്‍കിയവരെയും വരെ രംഗത്തിറക്കിയിട്ടും പ്രതീക്ഷിച്ചതിന്റെ നാലിലൊന്നുപേര്‍ പോലും സമരത്തിന് എത്താതിരുന്നത് ജി.സുധാകരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ഐസക്- വിഎസ് പക്ഷ കൂട്ടുകെട്ടിനെ പൂര്‍ണമായി വെട്ടിനിരത്തിയാണ് ജില്ലാ കമ്മറ്റിയും പിന്നീട് ജില്ലാ സെക്രട്ടറിയേറ്റും സുധാകരപക്ഷം പിടിച്ചെടുത്തത്. സമ്മേളന കാലയളവില്‍ വിഎസിനെ അനുകൂലിക്കുന്നവര്‍ കള്ളുകുടിയന്മാരാണെന്ന സുധാകരന്റെ പ്രസ്താവന വന്‍ വിവാദമാകുകയും ചെയ്തു. സംസ്ഥാന സമ്മേളനം വിജയകരമായി സംഘടിപ്പിച്ചുവെന്ന നേതൃത്വത്തിന്റെ പ്രശംസ വരെ നേടിയ സുധാകര അനുകൂലികളുടെ വാട്ടര്‍ലൂ ആയിമാറി ജനകീയ പ്രതിരോധ സമരം. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും സമരം പൊളിഞ്ഞത് വരും ദിവസങ്ങളില്‍ കൂടുതല്‍ വെട്ടിനിരത്തിലിന് കളമൊരുക്കിയിരിക്കുകയാണ്. സമരം പൊളിഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിനാണെന്നും മറിച്ച് താഴെത്തട്ടിലുള്ള അണികളെയും നേതാക്കളെയും ബലിയാടാക്കി വേട്ടയാടാനാണ് നീക്കമെങ്കില്‍ ശക്തമായി ചെറുക്കാനാണ് വിഎസ്- ഐസക് പക്ഷക്കാരുടെ തീരുമാനം. ഔദ്യോഗികപക്ഷം പകവീട്ടല്‍ നയം തുടര്‍ന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം സാമുദായിക ധ്രുവീകരണം കാരണമാണെന്ന് കണ്ടെത്തിയതു പോലെ സമരം പൊളിഞ്ഞതിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാതെ ആരുടെ തലയില്‍ ഔദ്യോഗിക പക്ഷം കെട്ടിവെക്കുമെന്ന് അറിയാനാണ് മറുവിഭാഗം കാത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.