സിംഗപ്പൂരിലേക്ക് വിസ: ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

Wednesday 12 August 2015 11:55 pm IST

കോഴിക്കോട്: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് മെഡിക്കല്‍ ചെക്കപ്പിന് കൊണ്ടുവന്ന് നിരവധിപേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ മാവേലിക്കര ചുനക്കര ഗോകുലം വീട്ടില്‍ ആര്‍. കെ. സുരേഷ്(43) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ കുറത്തികാട്ട്  പ്രതിയുടെ വീടിന് മുന്‍വശം ചാരുമൂട് റോഡില്‍ വെച്ച് നടക്കാവ് എസ്‌ഐ ജി. ഗോപകുമാര്‍, ഗ്രേഡ് എസ്‌ഐ എം. ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ എസ് ഐ. രാജേന്ദ്രന്‍, എഎസ്‌ഐ മാരായ കെ. ശ്രീനിവാസന്‍, എ. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഇടമുളയ്ക്കല്‍ ആയൂര്‍ ജിതുഭവനില്‍ ജോമേഷ്‌കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടക്കാവ് പോലീസ് കഴിഞ്ഞ ജൂണ്‍ 24 ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജോമേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള 26 യുവാക്കളെയാണ് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ഫാസ്റ്റ്ഫുഡ് കാറ്ററിംഗ് ജോലിയ്ക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ്  സുരേഷ് കബളിപ്പിച്ചത്. ഇവരില്‍ നിന്ന് 2,40,000 രൂപയാണ് സുരേഷ് തട്ടിയെടുത്തത്. എന്നാല്‍ പ്രതി പിടിയിലായതിന് ശേഷം മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ നടക്കാവ് പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്.  തട്ടിപ്പിനിരയായവരുടെ എണ്ണം  കൂടും. പ്രതിമാസം 40,000 രൂപ ശമ്പളം ലഭിക്കുമെന്നും ജോലി കിട്ടിയാല്‍ ശമ്പളത്തില്‍ നിന്നും അയ്യായിരം രൂപ വീതം വിസയുടെയും ടിക്കറ്റിന്റെയും ചെലവിലേക്കായി പിടിക്കുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ജോമേഷ് കുമാറിനെയും തെക്കന്‍ ജില്ലകളില്‍ നിന്നുള്ള പത്തൊമ്പത് ഉദ്യോഗാര്‍ത്ഥികളെയും ഒരു ടെമ്പോ ട്രാവലറിലും, നാലുപേരെ തീവണ്ടിയിലുമായി, രണ്ട് പേരെ കണ്ണൂരില്‍ നിന്നും കഴിഞ്ഞ ജൂണ്‍ 23ന് പുലര്‍ച്ചെ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള എവറസ്റ്റ് പാലസ് ഹോട്ടലില്‍ ഏഴ് മുറികളിലായാണ് ഉദ്യോഗാര്‍ത്ഥികളെ താമസിപ്പിച്ചത്. സിംഗപ്പൂരിലേക്കുള്ള മെഡിക്കല്‍ ചെക്കപ്പ് നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓരോരുത്തരില്‍ നിന്നും പതിനായിരം രൂപ വീതം അതിനുള്ള ഫീസായി വാങ്ങി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് സമീപമുള്ള മെഡിക്കല്‍ സെന്ററില്‍ ഫീസ് അടച്ചുവരാമെന്ന് പറഞ്ഞ് സുരേഷ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും സുരേഷിനെ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ സാധിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. തുടര്‍ന്ന് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ സുരേഷിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സുരേഷ് സ്വന്തം വീട്ടിലേക്ക് പോവാറില്ലെന്നും ആലപ്പുഴയിലെ പഴയ ഗവ. ആശുപത്രിയ്ക്ക് സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ പോലീസിന്റെ സാന്നിദ്ധ്യം മനസ്സിലായ സുരേഷ് തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അവിടെ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന്  പ്രതിയുടെ കുറത്തിക്കാട് ചുനക്കരയിലെ വീട്ടില്‍ പോലീസ് സംഘത്തെ മഫ്തിയില്‍ നിരീക്ഷണത്തിനായി നിയോഗിച്ചു. കഴിഞ്ഞ രാത്രി വീട്ടിലേക്ക് ഒളിച്ചുവരികയായിരുന്ന പ്രതിയെ പോലീസ് സംഘം വീടിനടുത്തുള്ള ചാരൂമൂട് റോഡില്‍ വെച്ച് പിടികൂടുകയായിരുന്നു. കുറത്തിക്കാട് എസ്‌ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ ആദ്യം കുറത്തിക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്റെ നിര്‍ദ്ദേശപ്രകാരം നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(നാല്)യില്‍ ഹാജരാക്കുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.