കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പിന്നോക്ക സംഘടനകള്‍ പ്രയോജനപ്പെടുത്തണം

Wednesday 12 August 2015 11:51 pm IST

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ കഴിയുന്നത്ര പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ പട്ടികജാതി-വര്‍ഗ സംഘടനകള്‍ മുന്നോട്ടുവരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഇഎസ്‌ഐ ആനുകൂല്യം ഏര്‍പ്പെടുത്തിയത് കേരളത്തില്‍ തണ്ടാന്‍ സമുദായം പോലുള്ള കുലത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പട്ടികജാതി-വര്‍ഗ സംഘടനകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിച്ച തണ്ടാന്‍ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കി വരികയാണ്. അതിലാദ്യത്തേതാണ് അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും ഇഎസ്‌ഐ ആനുകൂല്യം നല്‍കാനുള്ള തീരുമാനം. ഇത് ഏറ്റവും പ്രയോജനം ചെയ്യുന്നത് കേരളത്തിലെ കുലത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തണ്ടാന്‍ വിഭാഗത്തിലടക്കമുള്ള പട്ടികജാതി പിന്നാക്ക വിഭാഗങ്ങള്‍ക്കാണ്. തണ്ടാന്‍ സര്‍വീസ് സൊസൈറ്റി മുന്നോട്ടുവച്ച് ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പരാതി എത്രയും വേഗം പരിഹരിക്കുമെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മരം കയറുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ആവശ്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെടിഎസ്എസ് സംസ്ഥാന പ്രസിഡന്റ് എം. ജനാര്‍ദ്ദനന്‍ ആധ്യക്ഷം വഹിച്ചു. നേതാക്കളായ അഡ്വ പ്രകാശ് ബാബു, കെ. ചന്ദ്രബാബു, എന്‍. സുരേന്ദ്രബാബു, പുരവൂര്‍ രഘുനാഥന്‍, ശ്രീവരാഹം രാജേന്ദ്രന്‍, പി. അനുകുമാര്‍, കെ, രാഹുലന്‍, ഒരുവാതില്‍ക്കോട്ട ശശി എന്നിവര്‍ പങ്കെടുത്തു. കെടിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ ശ്രീനിവാസന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി തിരുവല്ലം വിജയന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.