റോഡ് പുഴയായി മാറി; യാത്രക്കാര്‍ ദുരിതത്തില്‍

Thursday 13 August 2015 12:44 pm IST

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് പരപ്പനങ്ങാടി-കടലുണ്ടി റോഡില്‍ ചെട്ടിപ്പടിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ് പുഴയായി മാറിയ അവസ്ഥ. കഴിഞ്ഞ വര്‍ഷം ടാറിംഗ് നടത്തിയ ഈ റോഡിലൂടെ സഞ്ചരിക്കാനാവാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഇവിടെ മണ്ണിട്ട് ഉയര്‍ത്താന്‍ തയ്യാറായിരുന്നില്ല. സമാന്തരമായുള്ള ഓവുചാല്‍ തകര്‍ന്നിട്ട് കാലമേറെയായി. ഇത് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന രോഗികളുമാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. അടിയന്തിരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ റോഡ് പൂര്‍ണ്ണമായും തകരുമെന്നതില്‍ സംശയമില്ല. ഈ റോഡിന്റെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എട്ട് കിലോമീറ്റര്‍ ടാറിംഗ് നടത്താന്‍ എട്ട് കോടി രൂപയാണ് ചിലവാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.