മദ്യവില്‍പ്പന മൗലികാവകാശമല്ല: സുപ്രീം കോടതി

Thursday 13 August 2015 10:45 pm IST

ന്യൂദല്‍ഹി: മദ്യം വില്‍ക്കുന്നതിനായി ലൈസന്‍സ് നല്‍കുന്നത് മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീംകോടതി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്ന ബാറുടമകളുടെ വാദം തള്ളിയ കോടതി സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ അനുകൂലിച്ചു. കേസില്‍ ഇന്നും വാദം തുടരും. മദ്യവില്‍പ്പനയ്ക്ക് ലൈസന്‍സ് ലഭിക്കുകയെന്നത് നിയമപ്രകാരം ലഭിക്കുന്ന അവകാശം മാത്രമാണ്. സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമാണ് ലൈസന്‍സുകള്‍ ലഭിക്കുക. അല്ലാതെ കാലാവധി പൂര്‍ത്തിയാകുന്നതോടെ വീണ്ടും പുതുക്കി നല്‍കണമെന്ന വാദം നിലനില്‍ക്കുന്നതല്ല, ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിലെന്താണ് തെറ്റെന്ന് ചോദിച്ച സുപ്രീംകോടതി മദ്യത്തിന്റെ ലഭ്യത കുറയുന്നതിനനുസരിച്ച് ഉപഭോഗവും കുറയില്ലേയെന്നും ചോദിച്ചു. എന്നാല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ധൃതിപിടിച്ച് നടപ്പാക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ഘട്ടംഘട്ടമായി നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം സര്‍ക്കാര്‍ പത്തു ശതമാനം മദ്യവില്‍പ്പനശാല ഔട്‌ലെറ്റുകള്‍ വര്‍ഷംതോറും നിര്‍ത്തുമെന്ന് പറയുന്നത്, കോടതി ചൂണ്ടിക്കാട്ടി. മദ്യം വാങ്ങി വീട്ടില്‍ വെച്ച് കഴിക്കുന്നതില്‍ തെറ്റില്ല. വീട്ടില്‍ വെച്ച് മദ്യം കഴിക്കുന്നതിനെ അസംബന്ധമെന്ന് എങ്ങനെ പറയാനാകും. ബാറുകളുടെ എണ്ണം കുറയ്ക്കുന്നത് മദ്യഉപഭോഗത്തില്‍ കുറവുണ്ടാക്കില്ലേ. കുറ്റകൃത്യങ്ങള്‍ നടക്കാത്ത ഒരു സമൂഹമാണ് ഭരണകൂടത്തിന്റെ ആഗ്രഹം. എന്നാലത് യാഥാര്‍ത്ഥ്യമാക്കുക എഴുപ്പമല്ലെന്നും കോടതി പറഞ്ഞു. ബാറുകള്‍ പൂട്ടുന്നത് സംസ്ഥാനത്തിന്റെ വരുമാനം താറുമാറാക്കുമെന്ന ടാക്‌സേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയതെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷനു വേണ്ടി ഹാജരായ അര്യാമ്മ സുന്ദരം വാദിച്ചു. മദ്യഉപയോഗം കുറയ്ക്കാനായി മദ്യനയം നടപ്പാക്കിയ സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി മദ്യം സുലഭമായി വില്‍ക്കുന്നത് മദ്യനയത്തെ തകര്‍ക്കുന്നതാണെന്നും അര്യാമ്മ സുന്ദരം വാദിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ലൈസന്‍സുകള്‍ നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്തുകൊണ്ട് ടു സ്റ്റാര്‍, ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മിലുള്ള തര്‍ക്കം മദ്യനയത്തിന് കാരണമോ? കോടതി ന്യൂദല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്ക് സര്‍ക്കാരിനെ നയിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് വിക്രം ജിത് സെന്നാണ് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദ്യമുന്നയിച്ചത്. ബാറുടമകളുടെ ഹര്‍ജിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്ന് ബാറുടമകളുടെ അഭിഭാഷകന്‍ ഇക്കാര്യം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും പരാമര്‍ശത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ജസ്റ്റിസ് വിക്രംജിത് സെന്‍ വിസമ്മതിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.