അത്തം മുതല്‍ പത്തുദിവസം മദ്യനിരോധനം വേണമെന്ന് യുവമോര്‍ച്ച

Thursday 13 August 2015 8:30 pm IST

തിരുവനന്തപുരം: ഓണക്കാലത്ത് അത്തം മുതല്‍ പത്തുദിവസം കേരളത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ ആവശ്യപ്പെട്ടു. മദ്യക്കച്ചവടം കൂടുതല്‍ നടത്താനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രക്ഷോഭം തുടങ്ങും. ഇതിന്റെ ഭാഗമായി അത്തം നാളില്‍ ബിവറേജസുകള്‍ക്കു മുന്നില്‍ ഉപരോധസമരം നടത്തി സംസ്ഥാനവ്യാപകമായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടപ്പിക്കും. മദ്യനയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സര്‍ക്കാര്‍ മദ്യക്കച്ചവടം നിര്‍ത്താതെ മദ്യനിരോധനം സാദ്ധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഓണക്കാലത്തെ വിറ്റുവരവ് 350 കോടി രൂപയാക്കണമെന്നാണ് ബിവറേജസ് എംഡിയുടെ നിര്‍ദേശം. തിരുവോണ ദിവസവും ബിവറേജസ് ഔട്‌ലെറ്റുകള്‍ തുറന്നു പ്രവത്തിക്കുന്നത് ന്യായീകരിക്കാനാകില്ല. കഴിഞ്ഞദിവസം നടന്ന യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. അഴിമതിക്കേസില്‍ നിഷ്പക്ഷമായ അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല. 1,12,000 നിയമനം നടത്തിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ വിവരാവകാശനിയമമനുസരിച്ച് 46,000 നിയമനം മാത്രമാണ് നടത്തിയത്. നിയമനനിരോധനത്തിലൂടെ യുവാക്കളെ വഞ്ചിക്കുകയാണ്. എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ മുസ്ലിം ലീഗിന്റെ വര്‍ഗ്ഗീയ സമ്മര്‍ദ്ദത്തിനു വഴങ്ങുകയാണ്. യുവമോര്‍ച്ച സെപ്തംബര്‍ 10 മുതര്‍ 17 വരെ ബിജെപി നേതാക്കളെ ഉള്‍പ്പെടുത്തി ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ പ്രചാരണ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കും. ജില്ലാതലത്തില്‍ സൈക്കിള്‍ പ്രചാരണ ജാഥ നടത്തും. ഒരു ജില്ലയില്‍ മൂന്നു ദിവസമാണ് ജാഥ. അഴിമതി, നിയമനനിരോധനം, സാമൂഹ്യസുരക്ഷ എന്നിവയാണ് സമരത്തില്‍ ഉയര്‍ത്തുന്ന മുഖ്യ വിഷയമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്. രാജീവും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.