സൈന, സിന്ധു ക്വാര്‍ട്ടറില്‍ പ്രണോയ്, ശ്രീകാന്ത് പുറത്ത്

Thursday 13 August 2015 9:41 pm IST

ജക്കാര്‍ത്ത: ഒളിമ്പിക്‌സ് ചാമ്പ്യനും ലോക നാലാം നമ്പര്‍ താരവുമായ ചൈനയുടെ ലീ സുറേയെ അട്ടിമറിച്ച് ഇന്ത്യന്‍ താരം പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മറ്റൊരു മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ സൈന നെഹ്‌വാളും ക്വാര്‍ട്ടറിലെത്തി. അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ കുതിപ്പിന് വിരാമമായി. മലയാളി താരവും പതിനൊന്നാം സീഡുമായ എച്ച്.എസ്. പ്രണോയിയും മൂന്നാം സീഡ് കെ. ശ്രീകാന്തും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഒളിമ്പിക് ചാമ്പ്യന്‍ ലു സുറേയെ ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പി.വി. സിന്ധു തകര്‍ത്തത്. 50 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 21-17, 14-21, 21-17 എന്ന നിലയിലാണ് സിന്ധു വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് ലോകചാമ്പ്യന്‍ഷിപ്പിലും വെങ്കലം നേടിയ താരമാണ് സിന്ധു. കരിയറില്‍ ലീ സുറെക്കെതിരെ സിന്ധു നേടുന്ന രണ്ടാമത്തെ ജയമാണിത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന ചൈന മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിലാണ് ഇതിന് മുന്‍പ് സിന്ധു ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ ജേത്രിയായ ലീ സുറേയെ തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പിലെയും റണ്ണറപ്പാണ് ലി. ക്വാര്‍ട്ടറില്‍ എട്ടാം സീഡ് ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യൂനാണ് പതിനൊന്നാം സീഡായ സിന്ധുവിന്റെ എതിരാളി. ഇതില്‍ ജയിച്ചാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും സിന്ധുവിന് മെഡല്‍ പട്ടികയില്‍ ഇടംലഭിക്കും. അതേസമയം ലോക രണ്ടാം നമ്പറായ സൈന നെഹ്‌വാള്‍ പതിനാലാം സീഡ് ജപ്പാന്റെ സയാക തകാഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് അവസാന എട്ടിലേക്ക് കുതിച്ചത്. 47 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-18, 21-14 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. ക്വാര്‍ട്ടറില്‍ ആറാം സീഡ് ചൈനയുടെ വാങ് സിയാനാണ് സൈനയുടെ എതിരാളി. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാക്കളായ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ക്വാര്‍ട്ടറിലെത്തി. ജപ്പാന്റെ റെയ്ക കാകിവ-മിയുകി മെയ്ഡ സഖ്യത്തെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് തോല്‍പിച്ചത്. സ്‌കോര്‍: 21-15, 18-21, 21-19. പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത് ഒരു മണിക്കൂറും ഒരു മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 13-ാം സീഡ് ഹോങ്കോങിന്റെ ഹു യുണിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 14-21, 21-17, 23-21. ആദ്യ ഗെയിം നേടിയ ശ്രീകാന്ത് അനായാസ വിജയം സ്വപ്നം കണ്ടെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളില്‍ എതിരാളിയുടെ മികവിന് മുന്നില്‍ മത്സരം കൈവിടുകയായിരുന്നു. മറ്റൊരു താരമായ എച്ച്.എസ്. പ്രണോയ് ഏഴാം സീഡും ഡാനിഷ് താരവുമായ വിക്ടര്‍ അക്‌സല്‍സനിനോട് മൂന്ന് ഗെയിം പൊരുതിയശേഷമാണ് കീഴടങ്ങിയത്. 58 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 21-16, 19-21, 21-18 എന്ന സ്‌കോറിനായിരുന്നു പ്രണോയ് കീഴടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.