ആനവേട്ടക്കേസ് സിബിഐക്ക്

Thursday 13 August 2015 10:47 pm IST

ന്യൂദല്‍ഹി: ആനവേട്ട കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന ബന്ധമുള്ള ആനവേട്ടസംഘങ്ങളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതിനാലാണ് കേസ് സിബിഐയ്ക്ക് കൈമാറുന്നത്. മൈസൂര്‍, ബെങ്കളൂരു, കോയമ്പത്തൂര്‍, ദല്‍ഹി എന്നിവിടങ്ങളിലെ ഗൂഢസംഘങ്ങള്‍ക്കും ആനവേട്ടയില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് കൈമാറുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതിനകം 41 പേരാണ് അറസ്റ്റിലായത്. ഇവരുടെ മൊഴികളില്‍നിന്നാണ് ആനക്കൊമ്പ് വിപണന സംഘങ്ങള്‍ക്കുള്ള അന്യസംസ്ഥാന ബന്ധം വ്യക്തമായത്. ഇതോടെ കേസ് മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം ആവശ്യമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായം തേടിയെങ്കിലും ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് വനംവകുപ്പിന്റെ ശുപാര്‍ശയുണ്ടായത്.ഇത് സംസ്ഥാന ആഭ്യന്തര വകുപ്പ് അംഗീകരിച്ചതോടെ കേന്ദ്രത്തിന് കത്ത് കൈമാറുകയായിരുന്നുവെന്നും വനംമന്ത്രി പറഞ്ഞു. ഇടമലയാര്‍, നേര്യമംഗലം മേഖലകളില്‍നിന്ന് 12 ആനകളെ കൊന്നതായാണ് വ്യക്തമായത്. അന്വേഷണവുമായി ബന്ധപ്പെട്ട് 15 തോക്കുകളും 4 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് കേസുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ മൂന്ന് കേസുകളും സിബിഐയ്ക്ക് കൈമാറും. എട്ട് വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് ആനവേട്ട നടന്നിരുന്നെന്നും ശ്രദ്ധയില്‍പെട്ടപ്പോള്‍ ഉടന്‍ തന്നെ നടപടിയെടുത്തുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.