ചങ്ങനാശേരി: നഗരത്തിലെ വീട്ടമ്മമാരുടെ സ്വര്‍ണ്ണമാലകള്‍ മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ കൂടി ചങ്ങനാശേരി പോലീസ് അറസ്റ്റുചെയ്തു.
നിരവധി കേസുകളില്‍ പ്രതികളായ വര്‍ക്കല വടശ്ശേരിക്കോണം എസ്.എസ് നിവാസില്‍ സതീഷ് സാവന്‍ (36) തിരുവനന്തപുരം മലയിന്‍കീഴില്‍ മച്ചിനാട് റോഡരികത്ത് വീട്ടില്‍ തങ്കരാജ് (65) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുവരെയും മറ്റൊരു കേസില്‍ വര്‍ക്കല പോലീസ് അറസ്റ്റുചെയ്തതെന്ന് അറിഞ്ഞ് ചങ്ങനാശേരി പോലീസ് അവിടുന്ന് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇതേ കേസില്‍ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഓട്ടോ മോഹനന്(50) നെ നേരത്തേ ചങ്ങനാശേരി പോലീസ് നേരത്തെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ചങ്ങനാശേരി ടി.ബി റോഡിലുള്ള രത്നം വീട്ടില്‍ രാജേശ്വരി(68), പാറേപ്പള്ളിക്കു സമീപം പാറേക്കടവില്‍ ത്രേസ്യാമ്മ(68) എന്നിവരുടെ സ്വര്‍ണ്ണമാലകള്‍ മോഷ്ടിച്ച കേസിലെ പ്രതികളാണ് മൂവരും. ഓട്ടോ മോഹനനെ അറസ്റ്റ് ചെയ്തതോടെയാണ് കൂട്ടുപ്രതികളെപ്പറ്റിയുള്ള സൂചന ലഭിച്ചതും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതും. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളുമായി തിരുവനന്തപുരത്തേക്ക് പോകുമെന്ന് ചങ്ങനാശേരി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: