ഓണത്തിരക്കേറി; പാര്‍ക്കിംഗിന് സ്ഥലമില്ലാതെ വാഹനങ്ങള്‍

Friday 14 August 2015 10:38 am IST

പാര്‍ക്കിംഗിന് ഇടമില്ലാതെ…. വാഹനബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്ന തമ്പാനൂര്‍ റെയില്‍വെ പാര്‍ക്കിംഗ് കേന്ദ്രം
ചിത്രം – വി.വി. അനൂപ്‌

അജി ബുധന്നൂര്‍
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് മാലിന്യപ്രശ്‌നം പോലെ കീറാമുട്ടിയാവുകയാണ് പാര്‍ക്കിംഗും. ജില്ലാ ഭരണകൂടവും പോലീസും നഗരസഭയും നഗരത്തിലെ പ്രധാന റോഡുകളില്‍ പാര്‍ക്കിംഗിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് വാഹന ഉടമകളും യാത്രക്കാരും. ഓണത്തിരക്ക് കൂടി ആയതോടെ ഗതാഗതപ്രശ്‌നത്തില്‍ വീര്‍പ്പുമുട്ടുകയാണ് നഗരം.
നഗരത്തിലെ വാഹനങ്ങളെ കൂടാതെ ചെറുതും വലുതുമായ എണ്ണായിരത്തിലധികം വാഹനങ്ങളാണ് ദിനംപ്രതി നഗരത്തില്‍ വന്നുപോകുന്നത്. ഇത് സാധാരണ ദിവസങ്ങളിലെ കണക്ക്. ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍, വിവാഹങ്ങള്‍ എന്നിവ നടക്കുമ്പോള്‍ നഗരത്തില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം ഇതിലും ഇരട്ടിയിലധികമാകും. നഗരത്തിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ പരമാവധി നാലായിരത്തോളം വാഹനങ്ങളെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കു. ബാക്കിയുള്ളവര്‍ മറ്റെവിടെയെങ്കിലുമൊക്കെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഓട്ടോറിക്ഷയില്‍ കയറി ലക്ഷ്യ സ്ഥാനത്ത് എത്തണം. അല്ലെങ്കില്‍ അനിയന്ത്രിത പാര്‍ക്കിംഗ് നടത്തി പോലീസിന്റെ ശിക്ഷാ നടപടിക്രമങ്ങള്‍ക്ക് വിധേയമാകണം.
നഗരത്തില്‍ എംജിറോഡു മുതല്‍ കനകക്കുന്ന് വരെ രാവിലെയും വൈകീട്ടുമായി കളക്ടറും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് പാര്‍ക്കിംഗ് നിരോധിച്ചിരിക്കുകയാണ്. നഗരത്തിലെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ക്കൂടി നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുള്ള പട്ടിക തയ്യാറാക്കലിലാണ് ജില്ലാ ഭരണകൂടം. നഗരസഭയെ ചുതല ഏല്പിച്ചിട്ടും പാര്‍ക്കിംഗ് കേന്ദ്രങ്ങളുടെ പേരു വിവരം തയ്യാറാക്കാത്തതിനാല്‍ റോഡ്ഫണ്ടിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതും കൂടിയാകുമ്പോള്‍ നഗരത്തിലേക്ക് ആരും വാഹനത്തില്‍ വരരുതെന്നാണ് അധികൃതരുടെ നിലപാടെന്ന് കരുതേണ്ടിവരും.
നഗരം വലുത്; പാര്‍ക്കിംഗിന് വെറും ഏഴ് സ്ഥലങ്ങള്‍
നഗരത്തിന്റെ വിസ്തീര്‍ണ്ണത്തിനനുസരിച്ചോ എത്തിച്ചേരുന്ന വാഹങ്ങളുടെ കണക്കിന്‍ പ്രകാരമോ ഉള്‍ക്കൊള്ളാവുന്നതല്ല നഗരത്തിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍. അംഗീകൃത പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ വെറും എട്ട്. ഇതില്‍ രണ്ടെണ്ണം റെയില്‍വെയുടേത്. നഗരസഭയുടേത് അഞ്ചെണ്ണവും ട്രിഡയുടേത് ഒന്നും. റെയില്‍വെയുടെ രണ്ട് പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെയോ യാത്രക്കാരെ കൂട്ടികൊണ്ടുപാകാന്‍ എത്തുന്നവരുടെയോ വാഹനങ്ങള്‍ കൊണ്ട് നിറയും. രണ്ട് കേന്ദങ്ങളിലുമായി ചെറുതും വലുതുമായ 2500 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകും. നഗരസഭയുടേതായ തമ്പാനൂര്‍, ഗാന്ധിപാര്‍ക്ക്, പുത്തരിക്കണ്ടം, ശ്രീകണ്‌ഠേശ്വരം, മ്യൂസിയം എന്നിവിടങ്ങളിലായി 1800 വാഹനങ്ങളേ പാര്‍ക്ക് ചെയ്യാന്‍ സാധിക്കൂ. പാളയത്തുള്ള ട്രിഡയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നൂറ് വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാം.
ഇതില്‍ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ സമീപത്ത് താമസിക്കുന്നവരുടെ വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും സ്ഥിരം പാര്‍ക്കിംഗ് കേന്ദ്രമാണ്. മ്യൂസിയത്താണെങ്കില്‍ മൃഗശാല സന്ദര്‍ശിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍കൊണ്ടു നിറയും. ഗാന്ധിപാര്‍ക്കില്‍ ഒട്ടുമിക്ക ദിവസങ്ങളിലും പൊതുപരിപാടികള്‍ നടക്കുന്നതിനാല്‍ മറ്റുള്ളവര്‍ അവിടെ വാഹനങ്ങളുമായി പോകണ്ട. തമ്പാനൂരില്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ് യാത്രക്കാരുടെ പാര്‍ക്കിംഗ് കേന്ദ്രവും. പുത്തരിക്കണ്ടത്ത് മാത്രമാണ് എല്ലാതരത്തിലുള്ള വാഹനങ്ങളും എത്തിച്ചേരുന്നത്. ഈ പാര്‍ക്കിംഗ് കേന്ദ്രം സ്ഥിരം യാത്രക്കാര്‍ക്കു മാത്രമേ അറിവുള്ളൂ.
മാന്ത്രിക പാര്‍ക്കിംഗുമായി ഷോപ്പിംഗ് മാളുകള്‍
നഗരത്തില്‍ കൂണുപോലെ മുളയ്ക്കുന്ന ഷോപ്പിംഗ് മാളുകളുടെ രൂപരേഖയിലെ അപാകത അധികൃതരുടെ കണ്ണു തുറപ്പിക്കുന്നില്ല. ഷോപ്പിംഗ് മാളുകള്‍ പണിയുമ്പോള്‍ വാഹന പാര്‍ക്കിംഗിനുള്ള സ്ഥലം കൂടി വേണമെന്ന് നിയമത്തിലുണ്ട്. സ്ഥാപനത്തിന്റെ വിസ്തീര്‍ണ്ണത്തിന് അനുസരിച്ചായിരിക്കണം പാര്‍ക്കിംഗ് ഏരിയാ പ്ലാനില്‍ കാണിക്കേണ്ടത്. നിയമത്തിലെ പഴുത് മുതലാക്കുകയാണ് ഷോപ്പിംഗ്മാള്‍ ഉടമകള്‍. കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തിനനുസരിച്ച് പ്ലാനില്‍ പാര്‍ക്കിംഗ് ഏരിയാ കാണിക്കുന്നു. ഇതിന്‍പ്രകാരം നഗരസഭയോ ടൗണ്‍പ്ലാനിങ്ങോ ഷോപ്പിംഗ്മാള്‍ നിര്‍മ്മാണത്തിന് അനുമതിയും നല്കും. അവസരം മുതലെടുത്ത് ചുരുങ്ങിയ സ്ഥലം മാത്രം പാര്‍ക്കിംഗിനായി നീക്കിവയ്ക്കുന്നു. പതിന്‍മടങ്ങായിരിക്കും ഷോപ്പിംഗ് മാളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത്. ഉപഭോക്താക്കളില്‍ അധികവും സ്വന്തം വാഹനങ്ങളില്‍ എത്തുന്നവരും. ഷോപ്പിംഗ് മാളില്‍ എത്തിയേക്കാവുന്ന ഉപഭോക്താക്കുളുടെ ശരാശരി കണക്കുകൂടി എടുത്ത് കെട്ടിടനിര്‍മ്മാണത്തിനു മുമ്പ് രൂപരേഖയില്‍ മാറ്റം വരുത്തിയിരുന്നെങ്കില്‍ ഒരു പരിധിവരെ പ്രശ്‌നത്തിന് പരിഹാരമാകുമായിരുന്നു.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നോ-പാര്‍ക്കിംഗ് ബാധകമല്ല
നിയമം നടപ്പിലാക്കുന്നവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നോപാര്‍ക്കിംഗ് ബോര്‍ഡ് പ്രശ്‌നമല്ല. വാഹനത്തില്‍ സര്‍ക്കാര്‍ വക ബോര്‍ഡോ അല്ലെങ്കില്‍ വാഹനത്തിനു മുകളില്‍ ബീക്കണ്‍ ലൈറ്റോ ഉണ്ടായിരുന്നാല്‍ മതി നോപാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യാം. ഇത്തരക്കാര്‍ക്ക് ചില ഷോപ്പിംഗ് മാളുകള്‍ക്കുള്ളില്‍ പ്രത്യേക വിഐപി പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ കുരുങ്ങിയത് ചെറുകിട വ്യാപാരികളാണ്. ഷോപ്പിംഗ് മാളുകള്‍ പേരിനെങ്കിലും പാര്‍ക്കിംഗിനായി സ്ഥലം കണ്ടെത്തിയപ്പോള്‍ ചെറുകിട വ്യാപാരികള്‍ നിസ്സഹായ അവസ്ഥയിലും. ഓണ വ്യാപാരം പാര്‍ക്കിംഗില്‍ മുങ്ങുമെന്ന് ആശങ്കയിലാണ് ചെറുകിട വ്യാപാരികള്‍. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തിതിനാല്‍ വ്യപാരം നന്നേ കുറഞ്ഞിട്ടുണ്ട്.പഴവങ്ങാടിയിലെ വ്യാപരികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.