ഭീകരാക്രമണ ഭീഷണി: രാജ്യമെങ്ങും കനത്ത സുരക്ഷ

Friday 14 August 2015 1:45 pm IST

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാന്‍ ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നുവെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാ‍നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് കൊച്ചി ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ടെര്‍മിനല്‍ ഗേറ്റ് വഴി കടക്കുന്ന യാത്രക്കാരെയും ബാഗേജുകളെയും കര്‍ശന പരിശോധനക്ക് വിധേയമാക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവികസേന പെട്രോളിംഗ് ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് നിരീക്ഷണം. സമുദ്രത്തില്‍ 50 കിലോമീറ്റര്‍ വരെ അകലത്തിലുള്ള കപ്പലുകളെ നിരീക്ഷിക്കുന്നുണ്ട്. 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ കടലോര മേഖലയുടെ സമുദ്രാതിര്‍ത്തി തീര സംരക്ഷണ സേനയുടെയും ദക്ഷിണമേഖല നാവികസേനയുടെയും നിരീക്ഷണത്തിലാണ്. രാജ്യത്തെ ബിജെപി ഓഫീസുകള്‍ക്കു മുന്നിലും പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. 40,000 പേരടങ്ങുന്ന സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ് ദല്‍ഹി നഗരം. ഇതില്‍ 12,000 പേര്‍ ദല്‍ഹി പൊലീസില്‍ നിന്നും അര്‍ധസൈനിക വിഭാഗത്തില്‍ നിന്നും ആയിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചുവപ്പുകോട്ടയിലും പരിസരത്തും ഇവര്‍ കാവല്‍ നില്‍ക്കും. ഗാന്ധിസമാധിയായ രാജ്ഘട്ടിലും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. സുരക്ഷയുടെ ഭാഗമായി ചുവപ്പുകോട്ടയിലും പരിസരത്തും 500 സി സി ടി വി കാമറകള്‍ സ്ഥാപിക്കും. ചുവപ്പുകോട്ടയുടെ മുകളില്‍ വിവിധ ഇടങ്ങളില്‍ ദേശീയ സുരക്ഷാഗാര്‍ഡിലെ ‘ഷാര്‍പ് ഷൂട്ടര്‍’മാരെയും വിന്യസിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.