നരേന്ദ്രമോദിക്ക് യുഎഇയില്‍ ഉജ്ജ്വല സ്വീകരണം

Monday 17 August 2015 10:20 am IST

അബുദാബി/ന്യൂദല്‍ഹി: ചരിത്രപ്രാധാന്യം നേടിക്കഴിഞ്ഞ ദ്വിദിന സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബുദാബിയില്‍ ഉജ്ജ്വല സ്വീകരണം. പ്രോട്ടോക്കോള്‍ തെറ്റിച്ച് വിമാനത്താവളത്തിലെത്തിയ യുഎഇ ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ നരേന്ദ്രമോദിയെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ തന്നെ നടന്ന ഗാര്‍ഡ് ഓഫ് ഹോണറിനുശേഷം അബുദാബി എമിറേറ്റ് പാലസ് ഹോട്ടലിലേക്ക് പോയ മോദി യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. മൂന്നര പതിറ്റാണ്ടിന് ശേഷമെത്തുന്ന ഭാരത പ്രധാനമന്ത്രിക്ക് യുഎഇ വലിയ സ്വീകരണമാണ് നല്‍കിയത്. ഇന്ദിരാഗാന്ധിക്കുശേഷം യുഎഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. വളരെയധികം ശുഭാപ്തി വിശ്വാസത്തോടെയാണ് യുഎഇയിലെത്തിയതെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഭീകരവാദം നിയന്ത്രിക്കുന്നതില്‍ ഭാരതവും യുഎഇയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വാണിജ്യരംഗത്ത് ഇരുരാജ്യങ്ങളും പുതിയ ബന്ധം സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. 26ലക്ഷം ഭാരതപൗരന്മാര്‍ അധിവസിക്കുന്ന യുഎഇയെ ഭാരതത്തിന്റെ ചെറുപതിപ്പെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങളും തമ്മിലുള്ള  ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും പറഞ്ഞു. സുപ്രധാനമായ വിവിധ കരാരുകളും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിട്ടുണ്ട്. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ഭാരതത്തില്‍ നിന്നുള്‍പ്പെടെയുള്ള മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അബുദാബിയിലെ ഷെയ്ക്ക് സെയ്ദ് ഗ്രാന്റ് മോസ്‌ക്കിലും മോദി സന്ദര്‍ശനം നടത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ മുസ്ലിംപള്ളിയാണിത്. തുടര്‍ന്ന് യുഎഇയിലെ ഏറ്റവും വലിയ തൊഴിലാളി ക്യാമ്പായ മുസഫ വ്യവസായ മേഖലയിലെ ഐക്കാഡ് റസിഡന്‍ഷ്യല്‍ സിറ്റിയില്‍ എത്തിയ പ്രധാനമന്ത്രി 300ഓളം ഭാരത തൊഴിലാളികളുമായി ആശയവിനിമയം നടത്തി. 14 ചതുരശ്ര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ലേബര്‍ ക്യാമ്പില്‍ 28,000 ഭാരത പൗരന്മാരാണ് താമസിക്കുന്നത്.പ്രവാസി ഭാരതീയരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തൊഴിലാളികള്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. തുടര്‍ന്ന് ഹോട്ടലിലേക്ക് മടങ്ങിയ പ്രധാനമന്ത്രി യുഎഇയിലെ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ  ഹൈടെക് സിറ്റിയായ അബുദാബി മസ്ദര്‍ സിറ്റിയിലും മോദി സന്ദര്‍ശിക്കും. തുടര്‍ന്ന് ദുബായിലേക്ക് പോകുന്ന പ്രധാനമന്ത്രി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 50,000 വരുന്ന ഭാരത പൗരന്മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.