ക്യു കോംപ്ലക്‌സ്: ശിലാസ്ഥാപനവുമായി ഹൈന്ദവ സംഘടനകള്‍ സഹകരിക്കില്ല

Monday 17 August 2015 12:19 am IST

ഗുരുവായൂര്‍: ഗുരുവായൂരില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ക്യു കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം ആരംഭിക്കരുതെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അധികൃതര്‍ തള്ളിയതിനെത്തുടര്‍ന്ന് നാളെ നടക്കുന്ന ശിലാസ്ഥാപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി നടത്തുന്ന ശിലാസ്ഥാപനവുമായി സഹകരിക്കണമെന്ന ദേവസ്വം മാനേജ്‌മെന്റ് കമ്മറ്റിയുടെ ആവശ്യം ഹൈന്ദവ സംഘടനാ നേതാക്കള്‍ തള്ളിക്കളഞ്ഞു. ഇന്നലെ രാത്രിയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അടക്കമുള്ള ഹൈന്ദവ നേതാക്കളെ ദേവസ്വം ഭരണസമിതി ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ശിലാസ്ഥാപന ചടങ്ങില്‍ നിന്നും പുറകോട്ട് പോകില്ലെന്ന നിഷേധാത്മക നിലപാടാണ് ചര്‍ച്ചയിലുടനീളം ദേവസ്വം ഭരണസമിതി കൈക്കൊണ്ടത്. ക്യുകോംപ്ലക്‌സ് നിര്‍മാണ സംരംഭത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ ഭക്തജനപ്രതിഷേധം ഉയരുമെന്ന് കുമ്മനം രാജശേഖരന്‍ മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനായിരുന്ന കാലത്ത് ക്ഷേത്രത്തിന് തെക്കുഭാഗത്ത് ക്യുകോംപ്ലക്‌സ് നിര്‍മ്മിക്കണമെന്നാവശ്യം ഉയര്‍ത്തി ക്ഷേത്രം ഓതിക്കന്മാരേയും കീഴ്ശാന്തിമാരേയും മറ്റ് പാരമ്പര്യ ജീവനക്കാരേയും കൂട്ടമായി ഒഴിപ്പിച്ചിരുന്നു. അവിടെ ക്യു കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനായി 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. എന്നാല്‍ പിന്നീട് വന്ന ടി. വി.ചന്ദ്രമോഹന്റെ ഭരണസമിതി പുതിയ സ്ഥലം കണ്ടെത്തുകയും 125 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മാസ്റ്റര്‍ പ്ലാനുമായി രംഗത്തുവരികയുമാണ് ചെയ്തത്. പഴയ സ്ഥലം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നത് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മാത്രമല്ല രണ്ടുമാസം മാത്രം കാലാവധി തീരാന്‍ ബാക്കിയുള്ള ഭരണസമിതി തിരക്കുപിടിച്ച് നിര്‍മാണം തുടങ്ങുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തജനങ്ങളുടെ താല്പര്യപ്രകാരമല്ല ക്യുകോംപ്ലക്‌സ് നിര്‍മാണമെന്ന് ഹൈന്ദവ നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനങ്ങള്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഹൈന്ദവ നേതാക്കള്‍ ചര്‍ച്ച അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. കുമ്മനം രാജശേഖരന് പുറമെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡണ്ട് സ്വാമി അയ്യപ്പദാസ്, സംഘടനാ സെക്രട്ടറി ടി.യു.മോഹനന്‍, ആര്‍എസ്എസ് ജില്ലാകാര്യവാഹ് എം.കെ.അശോകന്‍, ജില്ലാസംഘചാലക് കേണല്‍ വേണുഗോപാല്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.ആര്‍. അനീഷ് മാസ്റ്റര്‍, ക്ഷേത്രരക്ഷാസമിതി ജനറല്‍ കണ്‍വീനര്‍ എം.ബിജേഷ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി എ.എന്‍. പ്രതീഷ് എന്നിവര്‍ പങ്കെടുത്തു. ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, അംഗങ്ങളായ അഡ്വ. സുരേശന്‍, ശിവശങ്കരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ മഹേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.