ബിബിഎ കോളേജുകളില്‍ സ്ഥിരം നിയമനമില്ല

Monday 17 August 2015 12:23 am IST

  കൊല്ലം: കേരള സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം കുത്തഴിയുന്നു. സര്‍വ്വകലാശാലയുടെ കീഴിലുള്ള ബിബിഎ കോളേജുകളില്‍ സ്ഥിരം നിയമനക്കാരില്ല. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള ഒഴുവുകളില്‍ ജോലിചെയ്യുന്നത് താത്കാലിക ജീവനക്കാരാണ്. കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുഐഎം കോളേജുകളിലാണ് സ്ഥിരം നിയമനക്കാര്‍ ഇല്ലാത്തത്. തിരുവനന്തപുരം ജില്ലയില്‍ കാര്യവട്ടത്തും പൂജപ്പുരയിലും വര്‍ക്കലയിലും കൊല്ലംജില്ലയില്‍ കൊല്ലത്തും കുണ്ടറയിലും പത്തനംതിട്ട ജില്ലയില്‍ അടൂരിലും ആലപ്പുഴയിലുമാണ് കോളേജുകള്‍. ഇവിടങ്ങളിലാണ് സ്ഥിരം ജീവനക്കാര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലുള്ള ഒരു കോളേജില്‍ മൂന്ന് പ്രൊഫസര്‍മാരും ഒരു പ്രിന്‍സിപ്പാളും യൂണിവേഴ്‌സിറ്റി എഎയും ഉള്‍പ്പെടണമെന്നിരിക്കെ ഈ തസ്തികകളിലെല്ലാം തന്നെ താത്കാലിക ജീവനക്കാരാണ് ജോലിചെയ്യുന്നത്. ചില കോളേജുകളിലാകട്ടെ തുടങ്ങിയ കാലം മുതല്‍ താത്കാലിക ജീവനക്കാര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലിനോക്കുന്നു. ഇതിന് വേണ്ടി യൂണിവേഴ്‌സിറ്റി ചെലവാക്കുന്നത് വന്‍തുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥിരം നിയമനം നടത്താത്തതിന് പിന്നില്‍ വന്‍രാഷ്ട്രീയ ഗൂഢാലോചനയാണ്. കോളേജുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ മന്ത്രിമാരും എംഎല്‍എമാരും എംപിമാരും പറയുന്നവര്‍ക്കാണ് ജോലി നല്‍കുന്നത്. ആരെ നിയമിക്കണമെന്ന് നിശ്ചയിക്കുന്നതും ഇവരാണ്. താത്കാലിക ജീവനക്കാരില്‍ പലര്‍ക്കും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത ഇല്ലെന്ന് അതത് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ തന്നെ വെളിപ്പെടുത്തുന്നു. ബിരുദ വിദ്യാഭ്യാസത്തിന് ശേഷം ബിബിഎയും എംബിഎയും ചെയ്യുന്നവരാണ് ഇവിടങ്ങളില്‍ പഠനത്തിന് എത്തുന്നത്. ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് സാധിക്കുന്നില്ല. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഈ കോളേജുകളില്‍ വന്‍ അഴിമതികളാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിരവധി ഫണ്ടുകളും യൂണിവേഴ്‌സിറ്റി അട്ടിമറിക്കുന്നുണ്ട്. വന്‍തുകകള്‍ കൈപ്പറ്റിയാണ് ചില നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. കാവല്‍ക്കാരന്‍ ഇല്ലാത്ത കോളേജുകളില്‍ അതിന്റെ പേരില്‍ ശമ്പളം എഴുതിയെടുക്കുന്ന പ്രിന്‍സിപ്പാള്‍മാര്‍ ഉണ്ടെന്നാണ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നത്. മാര്‍ക്കുകളുടെ കാര്യത്തിലും ഇത്തരത്തില്‍ അഴിമതി നടക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കുണ്ടറ പെരിനാട്ടുള്ള യുഐഎം കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് ചോദ്യക്കടലാസ് പൊട്ടിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രിന്‍സിപ്പാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് വന്‍വിവാദമായിരുന്നു. യോഗ്യതയില്ലാത്ത ഈ പ്രിന്‍സിപ്പാളിനെ നിയമിച്ചത് സ്ഥലം എംഎല്‍എ കൂടിയായ സിപിഎം നേതാവ് എം.എം. ബേബിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.