വിമുക്തഭട കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് തുച്ഛശമ്പളം ; സര്‍ക്കാരിന് നോട്ടീസ്

Monday 17 August 2015 12:26 am IST

തിരുവനന്തപുരം: കേരള വിമുക്തഭട വികസന കോര്‍പ്പറേഷനിലെ രജിസ്റ്റേര്‍ഡ് ഓഫീസില്‍ വിവിധ തസ്തികകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം. തസ്തികയ്ക്ക് അനുസൃതമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അടിസ്ഥാന ശമ്പളവും ബത്തയും നല്‍കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. 2002 മുതല്‍ ജോലിചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. സൈനിക ക്ഷേമവകുപ്പ് സെക്രട്ടറി അടിയന്തിരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. കേസ് സെപ്റ്റംബര്‍ 29 ന് പരിഗണിക്കും. ശമ്പളം സംബന്ധിച്ച ധനകാര്യവകുപ്പിന്റെ ഉത്തരവ് കോര്‍പ്പറേഷന്‍ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജീവനകാര്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരുന്നു. വര്‍ഷം ഒരു കോടിയുടെ അറ്റാദായമുള്ള സ്ഥാപനമാണ് കോര്‍പ്പറേഷന്‍. ഇപ്പോള്‍ കരാര്‍ ജീവനക്കാരുടെ ശമ്പളം അഞ്ചു ശതമാനം വെട്ടിക്കുറച്ചു. 13 വര്‍ഷമായി കോര്‍പ്പറേഷന് കീഴില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ബോണസ് നല്‍കാറില്ല. സെക്യൂരിറ്റി ജീവനക്കാരുടെ ദിവസവേതനം 700 രൂപയാക്കണമെന്നും പരാതിയില്‍ പറയുന്നു. ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ നല്‍കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.