അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം തുടരുന്നു

Monday 17 August 2015 5:18 pm IST

ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന്‍ പ്രകോപനപരമായി ഷെല്‍ ആക്രമണം തുടരുന്നു. ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ ജനവാസ മേഖലയില്‍ പാക് സൈന്യം തിങ്കളാഴ്ച പുലര്‍ച്ചെയും ഷെല്ലാക്രമണം നടത്തി. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പൂഞ്ച് ജില്ലയിലെ സുജിയാന്‍, മാന്‍ഡി തുടങ്ങിയ ഗ്രാമങ്ങളിലാണ് പാക് ഷെല്ലാക്രമണം നടന്നതെന്നു ലെഫ്. കേണല്‍ മനീഷ് മേത്ത അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പൂഞ്ചില്‍ പാക് സൈന്യം ശനിയാഴ്ച മുതല്‍ നടത്തുന്ന വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ഇതിനകം ആറു ഗ്രാമീണരാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റു നിരവധിപ്പേര്‍ ചികിത്സയിലാണ്. സുജിയാന്‍, ബലാകോട്ട്, ഹാമിര്‍പുര്‍, മാന്‍ഡി, രാജൗരി, മഞ്ചകോട്, ബെഹ്‌റൂട്ട്, ധര്‍ണ, ഘോല്‍ലാന്‍ഡ്, മന്‍കോട്ട്, ബസൂണി തുടങ്ങിയ ഗ്രാമങ്ങളില്‍ പാക് ഷെല്ലാക്രമണം രൂക്ഷമായിരിക്കുകയാണ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ 23നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണു വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നത്. ഈ മാസം ഇതിനോടകം 39 തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതായാണു റിപ്പോര്‍ട്ട്. ഈവര്‍ഷം ഇതുവരെ 231 തവണ പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. ജൂലൈയില്‍ 19 തവണ വെടിനിര്‍ത്തല്‍ ലംഘിച്ച പാക്കിസ്ഥാന്റെ വെടിവയ്പില്‍ മൂന്ന് സൈനികരടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.