കണ്ടലിനെ അടുത്തറിയാന്‍ പഠന ഗവേഷണ സ്‌കൂളുമായി പൊക്കുടന്‍

Monday 17 August 2015 6:54 pm IST

കണ്ണൂര്‍:ആറുപതിറ്റാണ്ടായി കണ്ടല്‍ സംരക്ഷണം ജീവിതവ്രതമാക്കിയ കണ്ണൂര്‍ ഏഴോം മുട്ടുകണ്ടിയിലെ കല്ലേന്‍ പൊക്കുടന്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കണ്ടല്‍ പഠന ഗവേഷണ സ്‌കൂള്‍ ആരംഭിക്കുന്നു. കണ്ടലിനെക്കുറിച്ച് പുതുതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനും കണ്ടല്‍ സംരക്ഷണത്തിനുമായാണ് സ്‌ക്കൂള്‍ ആരംഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പഠന കേന്ദ്രം ആദ്യമായാണ് ആരംഭിക്കുന്നത്. തന്റെ പഴയ വീട് പൊളിച്ചാണ് രണ്ടു സെന്റ് സ്ഥലത്ത് സ്‌കൂള്‍ കെട്ടിടം പണിയുന്നത്. വീടിനു സമീപത്ത് കണ്ടല്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചായിരുന്നു പൊക്കുടന്റെ കണ്ടല്‍ ദൗത്യത്തിന്റെ തുടക്കം. ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് വച്ചുപിടിപ്പിച്ച കണ്ടലുകള്‍ പലതും വന്‍ വൃക്ഷങ്ങളായി മാറിക്കഴിഞ്ഞു. പഴയങ്ങാടി പുഴയുടെ തീരത്ത് നൂറു കണക്കിനു കണ്ടല്‍ വൃക്ഷങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ ഇദ്ദേഹം നട്ടുപിടിപ്പിച്ചത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കക്കിനു കണ്ടല്‍ ചെടികള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് സര്‍ക്കാര്‍-സര്‍ക്കാരിതര പരിസ്ഥിതി സംഘടനകള്‍ സംസ്ഥാനത്തും രാജ്യത്തും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരാരും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കണ്ടല്‍ പഠന ഗവേഷണ സ്‌കൂള്‍ ആരംഭിക്കാന്‍ പൊക്കുടന്‍ തീരുമാനിച്ചത്. കണ്ടല്‍ ചെടിയുടെ ഔഷധ ഗുണവും പ്രകൃതിക്ഷോഭങ്ങളെ തടയാന്‍ ഇവയ്ക്കുള്ള കഴിവിനെ കുറിച്ചും ഒന്നും അറിയാത്ത ആധുനിക സമൂഹത്തില്‍ കണ്ടലിന്റെ മഹത്വത്തെ കുറിച്ച് അവബോധം സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയാണ് സ്‌ക്കൂളിലൂടെ ലക്ഷ്യവെയ്ക്കുന്നത്. ഇപ്പോഴും നിരവധി വിദ്യാര്‍ഥികളും ഗവേഷകരും കണ്ടലിനെക്കുറിച്ചറിയാന്‍ പഴയങ്ങാടി മുട്ടുകണ്ടിയിലെ പൊക്കുടന്റെ വീട്ടിലെത്തുന്നുണ്ട്. ഗവേഷണ കേന്ദ്രത്തിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ആരുടെയും സാമ്പത്തിക സഹായമില്ലാതെ തന്നെ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇതിനകം രണ്ട് ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു. പണി പൂര്‍ത്തിയായി വരുന്നു. വരാന്തയും ക്ലാസ്‌റൂമും ഉള്‍പ്പെടെ മൂന്നു മുറികളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് രാത്രിയില്‍ താമസിക്കാന്‍ കൂടി സൗകര്യമുള്ളതാണ് ക്ലാസ് മുറി. ലോകത്തിലെ ഏറ്റവും മികച്ച കണ്ടലുകളുള്ള നാടാണ് പഴയങ്ങാടി. അതുകൊണ്ടുതന്നെ കണ്ടല്‍ സ്‌കൂള്‍ തുടങ്ങാന്‍ ഇതിലും നല്ലൊരു സ്ഥലമില്ലെന്നതിനാല്‍ പൊക്കുടന്‍ ഇവിടം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. തഴച്ചു വളരുന്ന കണ്ടല്‍ക്കാടുകള്‍ക്ക് തൊട്ടടുത്താണ് സ്‌കൂള്‍. കണ്ടലിനെ തൊട്ടറിഞ്ഞുകൊണ്ടുതന്നെ പഠനം നടത്താനുള്ള സൗകര്യമാണ് ഈ സ്‌കൂളിലൂടെ പൊക്കൂടന്‍ ഒരുക്കുന്നത്. സ്‌കൂള്‍ പദ്ധതിയെക്കുറിച്ചറിഞ്ഞ പലരും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇനി ആരും സഹായിച്ചില്ലെങ്കിലും ഈ സ്‌കൂള്‍ ആരംഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഇതിനകം സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളില്‍ കണ്ടല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തിട്ടുളള പൊക്കുടന്‍ സമീപഭാവിയില്‍ തന്നെ സ്‌കൂള്‍ യഥാര്‍ത്ഥ്യമാക്കാനുളള തയ്യാറെടുപ്പിലാണ്. കാല്‍ നൂറ്റാണ്ടു മുമ്പ് പഴയങ്ങാടിയില്‍ റോഡരുകില്‍ കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിച്ചപ്പോള്‍ പൊക്കുടനെ പലരും ഭ്രാന്തനെന്നു വിളിക്കുകയും തളളിപ്പറയുകയും ചെയ്തു. ആദ്യ കാലങ്ങളില്‍ സിപിഎമ്മുകാര്‍ എതിര്‍പ്പുമായി വരികയും പൊക്കുടന്‍ നട്ടുപിടിപ്പിച്ച കണ്ടല്‍ ചെടികള്‍ പിഴുതു നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ വഴിയാണ് ശരിയെന്ന തിരിച്ചറിവിലൂടെ കണ്ടല്‍ ദൗത്യവുമായി പ്രയാണം തുടരുകയായിരുന്നു പൊക്കുടനെന്ന മഹാമനീഷി. പരിസ്ഥിതിയെ ആവാസ വ്യവസ്ഥയില്‍ പരിപാലിക്കുക മാത്രമേ സാധിക്കൂവെന്ന് സ്വന്തം അനുഭവങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു. എഴുപത്തിയേഴാം വയസ്സിലും പ്രകൃതിയുടെ ഉപാസകനായി കണ്ടല്‍ എന്ന ചെടിയുടെ ശക്തി എന്തെന്ന് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പൊക്കുടന്‍ മുന്നേറുകയാണ്. കേരള സര്‍ക്കാറിന്റെ വനമിത്രാ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പരിസ്ഥിതി അവാര്‍ഡുകള്‍ നേടിയ അദ്ദേഹം ആത്മകഥയുള്‍പ്പെടെ പരിസ്ഥിതി സംബന്ധിയായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വംശനാശ ‘ഭീഷണി നേരിടുന്ന കണ്ടല്‍ ഇനങ്ങളെക്കുറിച്ച് പൊക്കുടന്‍ തയ്യാറാക്കിയ കണ്ടല്‍ ഇനങ്ങള്‍’എന്ന പുതിയ പുസ്തകം പ്രസിദ്ധികരണത്തിനൊരുങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.