ദശരഥന്റെ പരിദേവം

Monday 17 August 2015 7:13 pm IST

വാല്‍മീകി രാമായണത്തില്‍ അയോദ്ധ്യാകാണ്ഡം പന്ത്രണ്ടാം സര്‍ഗത്തില്‍ ഏതാണ്ട് നൂറോളം ശ്ലോകങ്ങളില്‍ ദശരഥന്റെ പരിദേവനങ്ങളാണ് ഏതൊരു മനുഷ്യനും അതുകേട്ട് മനമിളകും. എന്നാല്‍ കൈകേയി ദൃഢചിത്തയായി കേട്ടുനില്‍ക്കുന്നു. ''ദയയില്ലാത്തവളേ, ദുസ്സ്വഭാവി, പാപീ! വംശം മുടിക്കുന്നവളേ! രാമനോ ഞാനോ നിനക്കെന്തു തെറ്റാണു ചെയ്തത്? അറിവില്ലായ്മകൊണ്ട് രാജകുമാരിയായ നിന്നെ ശക്തിയുള്ള വിഷപ്പാമ്പിനെ എന്നപോലെയാണ് കൊട്ടാരത്തില്‍ പ്രവേശിച്ചത്. രാമനെ പ്രശംസിച്ച് നീ പറഞ്ഞതെല്ലാം എന്റെ സേവയ്ക്കായി പറഞ്ഞതാണ്. നീയിപ്പോള്‍ ഭൂതപ്രേതാദികളുടെ അധീനത്തിലായിരിക്കുന്നു. ഇക്ഷ്വാകുവംശത്തില്‍ ഇപ്പോള്‍ വലിയ അനീതി സംഭവിച്ചിരിക്കുന്നു. ആ വംശത്തില്‍ തന്നെയുള്ള നിന്റെ ബുദ്ധി പിഴച്ചുപോയിരിക്കുന്നു. നിന്നെ ശുശ്രൂഷിക്കുന്ന സുന്ദരനായ രാമന്റെ വിരഹം നീയെന്തിനാഗ്രഹിക്കുന്നു. ഭരതനും രാമനും തമ്മിലെന്താണു വ്യത്യാസം? കാപട്യമില്ലാത്തവനും ദേവദേവനെപ്പോലുള്ളവനും മഹര്‍ഷിമാരെപ്പോലെ തേജസ്വിയുമായ രാമനെപ്പറ്റി നിനക്കിങ്ങനെയൊരു ദുര്‍വ്വിചാരം എങ്ങനെയുണ്ടായി? സമുദ്രം വരെ നീണ്ടുകിടക്കുന്ന ഈ ഭൂമിയില്‍ കിട്ടാവുന്നതെല്ലാം ഞാന്‍ നിനക്കുതരാം. നീ രാമനു ശരണം നല്‍കൂ.'' ഇത്രയുമായപ്പോള്‍ കൈകേയി വായ് തുറന്നു. ''ധര്‍മ്മങ്ങള്‍ അറിയുന്ന അങ്ങ് ആദ്യം രണ്ടു വരങ്ങള്‍ നല്‍കിയിട്ട് ഇപ്പോള്‍ പിന്മാറുകയാണെങ്കില്‍ ലോകത്തില്‍ ധാര്‍മ്മികത എന്നൊന്ന് ഉണ്ടോ? കൈകേയിയോടു ഞാന്‍ കളവുകാണിച്ചുഎന്നു പറയേണ്ടിവരില്ല? എനിക്കു വാക്കുതന്നിട്ടിപ്പോള്‍ രാമനെ രാജാവാക്കി കൗസല്യയോടൊപ്പം രമിക്കാനാഗ്രഹിക്കുന്നു. അങ്ങെനിക്കുതന്നെ വാക്ക് ധര്‍മ്മമോ അധര്‍മ്മമോ എന്തുതന്നെയാകട്ടെ, ഒരു മാറ്റവും വരുത്താന്‍ പാടില്ല. കൗസല്യ ഒരുദിവസമെങ്കിലും എന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നത് എനിക്കുകാണണം. ഹേ രാജാവേ, ഭരതന്റെ പേരില്‍ ഞാന്‍ ആണയിട്ടുപറയുന്നു, രാമനെ കാട്ടിലയയ്ക്കാതെ മറ്റൊന്നുകൊണ്ടും ഞാന്‍ തൃപ്തിപ്പെടുകയില്ല. കൈകേയി ഒരുതരത്തിലും വഴങ്ങുകയില്ലെന്നു കണ്ടപ്പോള്‍ ദശരഥന്‍ കഠിനമായി ഭര്‍ത്സിക്കുന്നു. ''പേപിടിച്ചവളെപോലെ എന്നോടു സംസാരിക്കാന്‍ നിക്കു നാണമാകുന്നില്ലേ? രാമനില്ലാതെ ഒരുനിമിഷംപോലും ഞാന്‍ അയോദ്ധ്യയില്‍ വസിക്കുകയില്ല. രാമനോട് കാട്ടിലേക്കുപോകൂ എന്ന് ഞാനെങ്ങനെ പറയും? ഇക്ഷ്വാകുവംശത്തിലെ #ാജാക്കന്മാര്‍ വളരെക്കാലം രാജ്യം ഭരിച്ച് വൃദ്ധരാകുമ്പോഴാണു കാട്ടിലേയ്ക്കു പോകുന്നത്. മറ്റു രാജാക്കന്മാരോട് ഞാനെന്തു സമാധാനം പറയും? കൗസല്യയോട് ഞാനെന്തുപറയും? അവര്‍ സന്ദര്‍ഭാനുസരണം പുത്രനെ സ്‌നേഹിക്കുകയും എന്നോടു ദാസിയെപ്പോലെയും സഖിയെപ്പോലെയും ഭാര്യയെപ്പോലെയും സഹോദരിയെപ്പോലെയുമാണ് പെരുമാറിയിട്ടുള്ളത്. നീ നിമിത്തം ഞാനവളെ വേണ്ടവിധം ആദരിച്ചിട്ടില്ല. നീ ആഗ്രഹിച്ചതെല്ലാം നല്‍കുകയും ചെയ്തു. അപത്ഥ്യാഹാരം കഴിച്ച രോഗിയെപ്പോലെ അതെന്നെയിപ്പോള്‍ വേദനിപ്പിക്കുന്നു. രാമന്‍ കാട്ടിലേക്ക് പോകുമ്പോള്‍ സീതയിരുന്നു കരയുന്നതു കാണാനും ഞാനാഗ്രഹിക്കുന്നില്ല. നായാട്ടുകാരന്‍ മധുരമായി പാടി മാനിനെ വേട്ടയാടുന്നതുപോലെ നീയെന്ന വശീകരിച്ചുകൊല്ലുന്നു. ജനങ്ങള്‍ എന്നെ കൊള്ളരുതാത്തവന്‍ എന്നുപറഞ്ഞ് പരിഹസിക്കുന്നത് എനിക്കു കാണാന്‍ സാധിക്കില്ല. രാമനെ പിരിഞ്ഞ് ജീവിച്ചിരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല. പണ്ടെങ്ങോ ഞാന്‍ ചെയ്ത ദുഷ്‌കൃതത്തിന്റെ ഫലം ഇപ്പോള്‍ അനുഭവിക്കുന്നു. പാപിയായ നിന്നെ ഞാനിത്രയുംകാലം രക്ഷിച്ചുവല്ലോ! നിന്നോടൊപ്പം രമിച്ചിരുന്ന ഞാന്‍ എനിക്കു കൊലക്കയര്‍ മുറുക്കുകയായിരുന്നു എന്നിപ്പോഴറിഞ്ഞു. ദശരഥനെ സര്‍വ്വരുമിനി സ്ത്രീജിതനെന്നുവിളിച്ചു പരിഹരിക്കും.'' ഗത്യന്തരമില്ലാതായപ്പോള്‍ ദശരഥന്‍ പറഞ്ഞു: ''ഹേ കൈകേയീ, എന്നെയും കൗസല്യയേയും സുമിത്രയേയും ഞങ്ങളുടെ മൂന്നു പുത്രന്മാരെയും നരകത്തിലേക്കു തള്ളിവിട്ടിട്ട് നീ സുഖമായിരിക്കൂ. രാമന്‍ കാട്ടിലേക്കുപോകുന്നത് ഭരതന് സന്തോഷകരമാണെങ്കില്‍ എന്റെ മരണാനന്തര കര്‍മ്മങ്ങള്‍ അവന്‍ ചെയ്യാന്‍ പാടില്ല. നീ വിധവയായിത്തീര്‍ന്ന് മകനോടുകൂടി രാജ്യം ഭരിക്കൂ. രാമന്‍ കാട്ടിലേക്കുപോയാല്‍ ഒരുവനും ജീവിച്ചിരിക്കില്ലായെന്നാണെനിക്കുതോന്നുന്നത്. ഞാനും രാമനും ലക്ഷ്മണനുമില്ലാതെ ഭരതന്‍ നിന്നോടുകൂടി ഭരണം നടത്തട്ടെ. നഗരത്തേയും രാജ്യത്തേയും ബന്ധുക്കളേയും നശിപ്പിച്ച് എന്റെ ശത്രുക്കളെ നീ സന്തോഷിപ്പിക്കൂ.'' ഇത്രയുമൊക്കെ പറഞ്ഞിട്ടും കൈകേയിയുടെ മനസ്സു മാറാത്തതിനാല്‍ രാജാവ് ആതുരനെപ്പോലെ താഴെ വീണുപോയി. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.