വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ പ്രതി പിടിയില്‍

Monday 17 August 2015 7:54 pm IST

കൊച്ചി:വിദേശരാജ്യങ്ങളില്‍ ജോലിക്ക് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പത്തോളംപേരെ കബളിപ്പിച്ച് പണം വാങ്ങി ഒളിവില്‍കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിലായി. ഇടുക്കി, കാരിക്കോട് അഴകന്‍ പറമ്പില്‍ വീട്ടില്‍ തോമസ് മകന്‍ ബാബു തോമസ് (32) നെയാണ് മൂവാറ്റുപുഴ എസ്‌ഐ പി.എച്ച്.സമീഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 2014 ല്‍ മലേഷ്യയില്‍ ജോലിവാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 10 പേരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളില്‍ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. അഞ്ചാംക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ വിദേശരാജ്യങ്ങളില്‍ ജോലിസാധ്യത എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ച് പണംവാങ്ങുകയായിരുന്നു. കിട്ടിയ പണവുമായി സിനിമ പിടിക്കാന്‍ പോയ ഇയാള്‍ പണം ലൊക്കേഷന്‍ കാണുന്നതിനും മറ്റുമായി കറങ്ങിനടന്ന് ചെലവഴിക്കുകയായിരുന്നു.ഇയാളുടെ കൂട്ടാളിയായ മൂവാറ്റുപുഴ മുടവൂര്‍ കരയില്‍ തയ്യില്‍ വീട്ടില്‍ സുകുമാരന്‍ മകന്‍ സുരേഷിനെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ രമേശന്‍ നായര്‍, ജോര്‍ജ് ജോസഫ്, എസ്‌സിപിഒ രാജേഷ്, സലിം എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.