മാധ്യമ രംഗത്ത് ഗുണപരമായ മാറ്റമുണ്ടാകണം: എസ്. സേതുമാധവന്‍

Monday 17 August 2015 10:23 pm IST

കേസരിവാരികയുടെ പുതുതായി നിര്‍മ്മിക്കുന്ന മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ധനശേഖരണയജ്ഞത്തിന്റെ ഉദ്ഘാടനം ടി.പി. വേണുഗോപാലില്‍ നിന്ന് ആദ്യ തുക ഏറ്റുവാങ്ങി ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍ നിര്‍വ്വഹിക്കുന്നു. അഡ്വ.പി.കെ. ശ്രീകുമാര്‍, യു. ഗോപാല്‍ മല്ലര്‍, എസ്. സേതുമാധവന്‍, പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ സമീപം

കോഴിക്കോട്: ദേശീയ മുന്നേറ്റത്തിനനുസരിച്ച് മാധ്യമ മേഖലയിലും ഗുണപരമായ പരിവര്‍ത്തനമുണ്ടാകണമെന്ന് രാഷ്ട്രീയസ്വയം സേവക സംഘം അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ പറഞ്ഞു. കേസരിവാരികയുടെ പുതുതായി നിര്‍മ്മിക്കുന്ന മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ധനശേഖരണവും കുടുംബസദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് വഴികാട്ടിയാകുകയെന്ന ദൗത്യമാണ് മാധ്യമങ്ങള്‍ക്ക് നിര്‍വ്വഹിക്കാനുള്ളത്. എന്നാല്‍ ദേശദ്രോഹകരമായ നിലപാടുകള്‍ക്കും സംഘടനകള്‍ക്കും പിന്തുണയേകുന്ന സമീപനമാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ദേശീയ ശക്തികളുടെ പ്രവര്‍ത്തനത്തിന് പിന്തുണയേകുകയെന്ന ദൗത്യമാണ് കേസരി വാരിക നിര്‍വ്വഹിക്കുന്നത്.
കേസരിയുടെ പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ക്കുമനുസരിച്ച് ഒരു സ്ഥാപനം ഉയര്‍ന്നുവരേണ്ടതുണ്ട്.

അടുത്ത തലമുറയ്ക്ക് അഭിമാനകരമായ ഒരു കേന്ദ്രമായി കേസരിയുടെ പുതിയ മാധ്യമ പഠനഗവേഷണ കേന്ദ്രം ഉയര്‍ന്നുവരണം അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സംഘചാലക് യു ഗോപാല്‍ മല്ലര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മാധ്യമ പഠന ഗവേഷണ കേന്ദ്രത്തെക്കുറിച്ച് വിശദീകരിച്ചു. ടി.പി. വേണുഗോപാലില്‍ നിന്ന് ആദ്യ തുക ഏറ്റുവാങ്ങിക്കൊണ്ട് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍ ധനശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേസരി വാര്‍ഷിക പതിപ്പിന്റെ പ്രകാശനം എസ്. സേതുമാധവന്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍, കവി പി.പി. ശ്രീധരനുണ്ണി, ഗവേഷണ കേന്ദ്രം നിര്‍മ്മാണ സമിതി ജനറല്‍ കണ്‍വീനര്‍ പി.പി.സുരേഷ്ബാബു, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.