മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍

Monday 17 August 2015 11:02 pm IST

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യമായ കട്ടിലുകള്‍, വീല്‍ചെയറുകള്‍, മറയായി ഉപയോഗിക്കുന്ന സ്‌ക്രീനുകള്‍, തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാകുന്നില്ല. ഭൂരിഭാഗം വാര്‍ഡുകളിലും തറയില്‍ പായവിരിച്ച് കിടക്കേണ്ട അവസ്ഥയാണ്. വാര്‍ഡുകളില്‍ ശസ്ത്രക്രിയയ്ക്കുശേഷം വരുന്ന രോഗികള്‍ക്കും കട്ടിലുകള്‍ ലഭിക്കുന്നില്ല. 1600ല്‍ പരം രോഗികള്‍ ചികിത്സതേടി ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ 1106 കട്ടിലുകള്‍ മാത്രമാണ് വാര്‍ഡുകളില്‍ ലഭ്യമാകുന്നത്. ആവശ്യത്തിന് കട്ടിലുകള്‍ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. വീല്‍ചെയറുകളും, സ്ട്രക്ച്ചറുകളും ആവശ്യത്തിനില്ല. ചികിത്സതേടി എത്തുന്നവര്‍ക്ക് ദുരിതം നേരിടേണ്ടി വരുന്നു. ആശുപത്രി ജീവനക്കാരുടെ കുറവും ദുരിതങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഓരോ പരിശോധനയ്ക്കും വിധേയമാകുന്ന രോഗികളുടെ കൂടെ ആരുമില്ലെങ്കില്‍ ചികിത്സ അവതാളത്തിലാകുന്നു. ജീവനക്കാരുടെ പെരുമാറ്റ രീതികളെക്കുറിച്ചും പരാതി ഉയരുന്നുണ്ട്. രാത്രികാലങ്ങളില്‍ വാര്‍ഡിന്റെ വരാന്തകളിലും വെളിച്ചവുമില്ല. ബള്‍ബുകളും, ട്യൂബുകളും ഉണ്ടെങ്കിലും തകരാറിലായിട്ട് യാതൊരു നടപടിയുമില്ല. സുരക്ഷ ക്രമീകരങ്ങളും ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ഡുകളിലും മറ്റും കവര്‍ച്ചകള്‍ നടന്നിരുന്നു. അന്യ സംസ്ഥാന സ്വദേശികള്‍ ആശുപത്രി പരിസരങ്ങളില്‍ രാത്രികാലങ്ങളില്‍ തമ്പടിക്കുന്നത് രോഗികളിലും, കൂട്ടിരുപ്പികാരിലും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. മൊബൈല്‍ ഫോണും, പണവും, ബാഗും അപഹരിക്കാനുള്ള ശ്രമങ്ങള്‍ പതിവാണ്. വാര്‍ഡുകളിലെ രോഗികള്‍ക്ക് മറയായി ഉപയോഗിക്കുന്ന സ്‌ക്രീന്‍ ആവശ്യത്തിനില്ല. ഒരു രോഗിക്ക് മൂന്നു സ്‌ക്രീന്‍ എങ്കിലും ആവശ്യമായി വരുന്നു. എന്നാല്‍ രോഗികള്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ആകെയുള്ളത് 6 സ്‌ക്രിനുകളാണ്. ഒരു രോഗിക്ക് ഉപയോഗിച്ചശേഷമേ മറ്റൊരു രോഗികള്‍ക്ക് സ്‌ക്രീന്‍ ലഭ്യമാകുകയുള്ളു. അതേസമയം ആശുപത്രിയുടെ വിവിധ ഇടങ്ങളില്‍ രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. സട്രെക്ച്ചറുകള്‍, കട്ടിലുകള്‍, വീല്‍ച്ചെയറുകള്‍ തുടങ്ങി ആശുപത്രി ഉപകരണങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാതെ വിവിധ മുറുകളില്‍ പൂട്ടിയിട്ടിരിക്കുന്നതായി രോഗികള്‍തന്നെ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. വിസ്തൃതമായ ആശുപത്രി സമുച്ചയത്തില്‍ വിവിധ വാര്‍ഡുകളിലേക്കും ചികിത്സാ വിഭാഗങ്ങളിലേക്കും എളുപ്പമെത്തത്തക്കവിധമുള്ള ദിശാ സൂചികകള്‍ ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.