സ്വര്‍ണ്ണമഷിയില്‍ ഭഗവത് ഗീത; ഡോ. മോഹന്‍ ഭാഗവതിന് ജൈന മുനി സമര്‍പ്പിച്ചു

Tuesday 18 August 2015 7:55 pm IST

സൂററ്റ്: സ്വര്‍ണ്ണ മഷികൊണ്ടെഴുതിയ ഭഗവത് ഗീത! തയ്യാറാക്കിയത് യൂനുസ് ഷെയ്ഖ്, സമര്‍പ്പിച്ചത് ജൈന മുനി അഭയദേവ് ദൈവ്‌സുരീശ്വര്‍ജി മഹാരാജ്, ഏറ്റുവാങ്ങിയത് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജൈനരുടെ പുണ്യ ചടങ്ങില്‍ ഗ്രന്ഥ സമര്‍പ്പണം നടത്തി ജൈനമുനി അഭയ് സുരീശ്വര്‍ജി പറഞ്ഞു, ''ഇത് ഹിന്ദുമതത്തോടും ആര്‍എസ്എസ്സിനോടുമുള്ള സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രകടനവും പ്രഖ്യാപനവുമാണ്.'' സുവര്‍ണ്ണഗീത തയ്യാറാക്കിയ ശില്‍പ്പി യൂനുസ് ഷെയ്ഖ് പറയുന്നു, '' 24 കാരറ്റുള്ള 346 ഗ്രാം സ്വര്‍ണ്ണമാണ് 168 പേജുള്ള ഗ്രന്ഥം തയ്യാറാക്കാന്‍ വിനിയോഗിച്ചത്. സ്വര്‍ണ്ണവും ചില പച്ചമരുന്നുകളും കൂട്ടിച്ചേര്‍ത്താണ് എഴുത്തുമഷി തയ്യാറാക്കിയത്. രണ്ടുമാസമെടുത്തു പൂര്‍ത്തിയാക്കാന്‍.'' സുരേന്ദ്ര നഗറില്‍ താമസിക്കുന്ന യൂനുസ് പറഞ്ഞു- ഈ ഗ്രന്ഥം തയ്യാറാക്കിയ പ്രത്യേകതയുള്ള കടലാസ് 500 വര്‍ഷം വരെ കേടില്ലാതെ നിലനില്‍ക്കും. ഈ ഗ്രന്ഥം തയ്യാറാക്കാന്‍ 7.5 ലക്ഷം രൂപ ചെലവുവന്നു. നേരത്തേ ഹിന്ദുത്വത്തെയും ജൈന മതത്തെയും കുറിച്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള യൂനുസ് പറയുന്നു, ഭഗവത് ഗീയയുടെ പകര്‍ത്തിയെഴുത്തുകാലത്തും മുടങ്ങാതെ നിസ്‌കാരം ചെയ്യുമായിരുന്നുവെന്ന്. ശുഭമംഗളം എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. തുടര്‍ന്നു നടന്ന ചടങ്ങില്‍, ഗീത കര്‍മ്മയോഗമാണ് പറയുന്നതെന്നും അത് പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനല്ല, അവയെ സുധീരമായി നേരിടാനാണ് ആഹ്വാനം ചെയ്യുന്നതെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിശദീകരിച്ചു. നമ്മുടെ പ്രശ്‌നങ്ങള്‍ 70 ശതമാനം നാംതന്നെ പരിഹരിച്ചാല്‍ ശേഷിക്കുന്ന 30 ശതമാനം പ്രശ്‌നങ്ങള്‍ ജഗദീശ്വരന്‍ തീക്കും, അതാണ് ഭഗവാന്‍ ഗീതയിലൂടെ അര്‍ജ്ജുനന് പറഞ്ഞുകൊടുത്തത്,  നമ്മുടെ നിത്യജീവിതത്തില്‍ ഗീതാ മൂല്യങ്ങള്‍ നാം അനുവര്‍ത്തിക്കണം, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.