ചക്കുളത്തുകാവില്‍ ഗൗരിദര്‍ശന വള എഴുന്നളളിപ്പ് ഉത്സവം ഇന്നുമുതല്‍

Tuesday 18 August 2015 8:50 pm IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഗൗരിദര്‍ശന വള എഴുന്നളളത്ത് ഉത്സവത്തിന് ഇന്ന് തുടക്കമാകും, 21 വരെയാണ് ഗൗരിദര്‍ശന ഉത്സവം നടക്കുന്നത്. ഇന്ന് ദേവി ഭാഗവത പാരായണം, പ്രസാദമുട്ട്, പ്രഭാഷണം എന്നിവയും, നാളെ വിശേഷാല്‍ പുജകള്‍ക്ക് ശേഷം വൈകിട്ട് 5.30 ന് മുലകുടുംബക്ഷേത്ര നിലവറ വാതുക്കല്‍ മംഗല്ല്യ ദീപ പ്രതിഷ്ഠയും പുടവവയ്പ്പും നടക്കും. ഭക്തജനങ്ങള്‍ക്ക് പുടവ സമര്‍പ്പിക്കുകയും ദര്‍ശനം നടത്തുകയും തുടര്‍ന്ന് കൂട്ടി എഴുന്നെളളത്തും നാലമ്പലത്തുനു ചുറ്റും പ്രദക്ഷിണവും, ഗൗരിയും ദേവിയും രണ്ടു ജീവതകളില്‍ എഴുന്നെളളിപ്പിച്ച് പൂജയും ആരതിയും, ഇതിനോടൊപ്പം ഭജനയും അഖണ്ഡനാമജപയജ്ഞവും നടക്കും ഗൗരി ദേവിയോടൊപ്പം പോകുന്നു എന്ന് സങ്കല്പം. ചക്കുളത്തമ്മയില്‍ അടിയുറച്ച ഭക്തയായ ഗൗരിയ്ക്ക് പരാശക്തിയായ ചക്കുളത്തമ്മ ദര്‍ശനം നല്‍കിയ പുണ്യ ദിവസം ഗൗരിദര്‍ശനദിനമായി കൊണ്ടാടുന്നു. ചിങ്ങമാസത്തിലെ ആദ്യവെളളിയായ്ച ദിവസമായിരുന്നു ചക്കുളത്തമ്മ ഗൗരിക്ക് ദര്‍ശനം കൊടുത്തത്. 21 ന് പുലര്‍ച്ചെ 5.30 ന് അമ്മയ്ക്ക് മഹാ അരതിയും തുടര്‍ന്ന് എണ്ണ, ചന്ദനം, കരിക്ക്, പാല്‍, നെയ്യ്, കുങ്കുമം, തേന്‍, മഞ്ഞള്‍പൊടി എന്നിവകൊണ്ടുളള അഷ്ടാഭിഷേകവും, വിശേഷാല്‍ പുജകളും, രാവിലെ 9 ന് വള അലങ്കാരത്തോടകൂടി പഞ്ചവാദ്യം, നാദസ്വരം, മുത്തുകുടകള്‍ എന്നിവയുടെ അകമ്പടിയോടെ ജീവത എഴുന്നെള്ളത്തും ക്ഷേത്രത്തിന്റെ നാല് നടകളിലും ദേവീ-ഗൗരി കുട്ടി എഴുന്നെളളത്തും നടക്കും. ഈ പുണ്യദിവസം ചക്കുളത്തമ്മയെ ദര്‍ശിക്കുന്നത് അഷ്‌ടൈശ്വര്യങ്ങള്‍ ഉണ്ടാകുന്നതിനും, സര്‍വ്വാഭീഷ്ടസിദ്ധിക്കും ഏറ്റവും ഫലപ്രദമാണ്. ഗൗരി ദര്‍ശനദിവസം ജാതി മത വര്‍ണ്ണഭേദങ്ങളൊന്നുമില്ലാതെ ധാരാളം ഭക്തജനങ്ങള്‍ അമ്മയെ ദര്‍ശിച്ച് സായുജ്യം നേടുവാന്‍ ഇവിടേക്ക് പ്രവഹിക്കുന്നു. ഭക്തോത്തമയും പുണ്യവതിയുമായ ഗൗരി ചക്കുളത്തമ്മയോടൊപ്പം പോകുമ്പോള്‍ പീഠത്തില്‍ നിന്നും ലഭിച്ച ഗൗരിയുടെ വള ജീവതയില്‍ എഴുന്നളളിച്ച് പ്രദിക്ഷണം നടത്തുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.