സ്വകാര്യ സര്‍വ്വകലാശാല : ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെതിരെ വിദ്യാഭ്യാസ മന്ത്രി

Tuesday 18 August 2015 11:54 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിലപാടിനെതിരെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. സ്വകാര്യ സര്‍വ്വകലാശാലകളുടെ പ്രായോഗികതകളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തുന്ന പഠനം തന്റെ അറിവോടെയല്ലെന്നും താന്‍ ആര്‍ക്കും ഇതിനുവേണ്ടി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പഠനമെന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തുന്ന പഠനം തന്റെ അറിവോടെയല്ലെന്നും താന്‍ ആര്‍ക്കും ഇതിനു വേണ്ടി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അബ്ദുറബ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പഠനമെന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യം തനിക്കറിയില്ലെന്നും താന്‍ ആരോടും ഇതേകുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും തനിക്ക് മുന്നില്‍ ഇത്തരം ഒരു നിര്‍ദ്ദേശവും വന്നിട്ടില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. സ്വകാര്യ സര്‍വ്വകലാശാലകളെ കുറിച്ച് തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയും യുഡിഎഫുമാണ്. എന്നാല്‍ തനിക്ക് വ്യക്തിപരമായി ഇതിനോട് യോജിപ്പില്ല. സ്വകാര്യ സര്‍വ്വകലാശാലകള്‍ ഇപ്പോള്‍ വേണ്ടെന്ന നിലപാടുള്ളത്. സ്വയംഭരണ കോളേജുകളുടെ കാര്യത്തില്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും കോളേജ് അധികൃതരില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടാവുകയാണ്. കേരളത്തില്‍ പുതിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രയാസമാണ്. എന്നാല്‍ കോളേജുകളുടെ സ്വയംഭരണ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തക വിതരണത്തില്‍ അച്ചടി വൈകിയതില്‍ അച്ചടിവകുപ്പിന്റെ ഭാഗത്തു നിന്നും ധനവകുപ്പിന്റെ ഭാഗത്തു നിന്നും ഗുരുതരവീഴ്ചയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൃത്യസമയത്ത് ഓര്‍ഡര്‍ നല്കിയെങ്കിലും അച്ചടി വകുപ്പ് സമയത്ത് പുസ്തകം അച്ചടിച്ചു നല്‍കിയില്ല. പ്രിന്റിംഗ് ആവശ്യമായ പേപ്പര്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും വൈകി. അച്ചടിക്കാവശ്യമായ പണം ആവശ്യപ്പെട്ട് നേരത്തെ ധനവകുപ്പിനെ സമീപിച്ചിരുന്നു. അവിടെയും കാലതാമസമുണ്ടായി. ഒടുവില്‍ കുറ്റം വിദ്യാഭ്യാസ വകുപ്പിന്റേതായി. പാഠപുസ്തക അച്ചടിക്കു സ്വന്തമായി പ്രസ് സ്ഥാപിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ആലോചിക്കും. പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട അച്ചടി സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കും. ഒക്‌ടോബര്‍ 15 നകം വിതരണം പൂര്‍ത്തിയാക്കും. കെബിപിഎസിന് ഒറ്റയ്ക്കു അച്ചടി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായം തേടും. കെബിപിഎസ് എംഡിയായി ആശാ തോമസ് ഐഎഎസിനെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധപ്പെടുത്തും. ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകും. ഡിപിഐ ഗോപാലകൃഷ്ണഭട്ടിനെ ശാസിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. അദ്ദേഹം ലീവിനുശേഷം വകുപ്പ് മാറിയപ്പോഴാണ്  താന്‍ അറിയുന്നത്. അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്ന റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചിട്ടില്ലെന്നും മന്ത്രിമാരടക്കമുള്ളവരുടെ യോഗം ഉദ്ഘാടന ദിവസം  പാണക്കാടുണ്ടായിരുന്നതുകൊണ്ടാവാം മറ്റുള്ളവര്‍ പങ്കെടുക്കാതിരുന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.