ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു

Wednesday 19 August 2015 10:29 am IST

കൊച്ചി: ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം ബുധനാഴ്ച്ച രാവിലെ 6.30ന് പറവൂര്‍ വാവക്കാട്ടെ വസതിയില്‍ വച്ചായിരുന്നു അന്തരിച്ചത്. ആയിരത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ഭരതന്‍ വില്ലനായും ഹാസ്യതാരമായും അറുപതോളം വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. തനിക്ക് ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ പോലും തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. അള്‍ത്താര, സ്‌കൂള്‍മാസ്റ്റര്‍, ഗോഡ്ഫാദര്‍, പട്ടണപ്രവേശം, കുറുക്കന്റെ കല്യാണം, ഹിസ്‌ഹൈനസ് അബ്ദുളള, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഇന്‍ഹരിഹര്‍നഗര്‍, മാനത്തെകൊട്ടാരം, മഴവില്‍ക്കാവടി, തലയണമന്ത്രം എന്നിങ്ങനെ മലയാള ചലചിത്രാസ്വാദകന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒട്ടനവധി വേഷങ്ങള്‍ പറവൂര്‍ ഭരതന്‍ അഭ്രപാളിയില്‍ പകര്‍ന്നാടി. വടക്കന്‍ പറവൂറിനടുത്ത് വാവക്കാട് 1929ലാണ് പറവൂര്‍ ഭരതന്‍ ജനിച്ചത്. നീണ്ടനാളത്തെ നാടകജീവിതത്തിനുശേഷം 1950ലാണ് രക്തബന്ധത്തിലെ ചെറിയവേഷത്തിലൂടെ സിനിമയിലേക്ക് കടന്നുവന്നത്. നാടകാഭിനയത്തോടുളള താത്പര്യം മനസിലാക്കിയ പ്രശസ്ത കാഥികനായിരുന്ന കെടാമംഗലം സദാനന്ദനാണ് ഭരതനെ അമെച്വര്‍ നാടക രംഗത്തേക്ക് എത്തിക്കുന്നത്. അവിടെ നിന്നു പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്ന ഭരതന് സിനിമയിലേക്കുളള വാതില്‍ തുറന്നതും നാടകബന്ധങ്ങള്‍ തന്നെയായിരുന്നു. 1964 ല്‍ എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കറുത്തകൈയിലെ മുഴുനീള വില്ലന്‍ വേഷമായിരുന്നു പറവൂര്‍ ഭരതനെന്ന നടന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായത്. പഞ്ചവര്‍ണ തത്തപോലെ എന്ന പ്രശസ്തമായ ഖവാലി ഗാനം പാടി അഭിനയിച്ചത് അദ്ദേഹമായിരുന്നു. പില്‍ക്കാലത്ത് ഏറെ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. നാടകലോകത്തുംനിന്നും അദ്ദേഹം കണ്ടെത്തിയ തങ്കമണിയാണ് ജീവിത സഖി. 'മാറ്റൊലി" എന്ന അദ്ദേഹത്തിന്റെ നാടകത്തിലെ നായികയായിരുന്നു തങ്കമണി. പ്രദീപ്, മധു, അജയന്‍, ബിന്ദു എന്നിവരാണ് മക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.