ഇളങ്കോവന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം

Wednesday 19 August 2015 11:05 pm IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയേയും നരേന്ദ്ര മോദിയേയും കുറിച്ച് പ്രസ്താവന നടത്തിയ തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് ഇ. വി. കെ. എസ്. ഇളങ്കോവനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ഇളങ്കോവന്റെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് എഐഎഡിഎംകെ, ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതിനെതിരെ സംസ്ഥാനത്ത് ഇരു പാര്‍ട്ടിയുടേയും നേതൃത്വത്തില്‍ പ്രകടനം നടന്നു വരികയാണ്. അതേസമയം, ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന് ഇളങ്കോവന്‍ അറിയിച്ചു. ഈ മാസം ഏഴിന് പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജയലളിതയും തമ്മിലെന്തോ ബന്ധമുണ്ടെന്ന് എല്ലാവരും പറയുന്നത്. അത് ലോകം മുഴുവന്‍ അറിയട്ടെയെന്നും ഇളങ്കോവന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് എഐഡിഎംകെ പ്രവര്‍ത്തകര്‍ പതിഷേധവുമായി രംഗത്തെത്തിയത്. ഇളങ്കോവനെതിരെ ചെന്നൈയില്‍ വിവിധ ഭാഗങ്ങളില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി, കോലം കത്തിച്ചു. ഇളങ്കോവനെതിരെ സര്‍ക്കാര്‍ അഭിഭാഷകര്‍ അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.