ക്ഷേത്രങ്ങള്‍ ഭരിക്കാനുള്ള അവകാശം ഭക്തര്‍ക്ക് നല്‍കണം: ഒ. രാജഗോപാല്‍

Thursday 20 August 2015 9:58 am IST

കൊട്ടാരക്കര: ഇതര മതസ്ഥരുടേത് പോലെ ക്ഷേത്രങ്ങള്‍ ഭരിക്കാനുള്ള അവകാശവും ഭക്തര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ ഒരു വിഭാഗത്തിന്റെ മാത്രം ആരാധനാലയങ്ങളെ സര്‍ക്കാര്‍ കയ്യടക്കി വയ്ക്കുന്നത് അഭിമാനകരമല്ല. ഇത് നഗ്നമായ മതവിവേചനമാണ്. ഇതിനെതിരെ ഭക്തസമൂഹം ഒറ്റക്കെട്ടായി സമാധാനപരമായി ശബ്ദമുയര്‍ത്തണം. ഭക്തന്‍ കാണിക്കയിടുകയും സംഭാവന നല്‍കുകയും ചെയ്യുന്ന പണം കൊണ്ട് ക്ഷേത്രത്തില്‍ ആചാരപരമായ കാര്യങ്ങള്‍ വരെ ചെയ്യാന്‍ സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും അനുവാദം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. പല ക്ഷേത്രഭരണസമിതികള്‍ക്കും ഇതുമൂലം ഭക്തന് ആവശ്യമായ കാര്യങ്ങള്‍ ക്ഷേത്രത്തില്‍ ചെയ്യാന്‍ സാധിക്കുന്നില്ല. 'രണഘടന തുല്യനീതിയാണ് ഉറപ്പ് നല്‍കുന്നത്. ഭൂരിപക്ഷസമുദായം എന്ന പേരില്‍ ഈ അവകാശം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത് നീതിനിഷേധമാണ്. ഭക്തരുടെ പണം ക്ഷേത്രത്തില്‍ ചിലവഴിക്കുന്നതിന് സര്‍ക്കാരിന്റെ അനുവാദം കാത്തുനില്‍ക്കേണ്ട ഗതികേട് അടിയന്തരമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐഎംഎ മുന്‍ സംസ്ഥാനപ്രസിഡന്റ് ജെ.രാജഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന്‍ നിര്‍വഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് ആര്‍.ദിവാകരന്‍, വി.ടി.ഗോപകുമാര്‍, കൃഷ്ണമണി, രാജേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് ജേതാവായ രേണുരാജിന് യോഗത്തില്‍ ഒ.രാജഗോപാല്‍ ഉപഹാരം സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.