നവോത്ഥാന നായകന്‍

Thursday 20 August 2015 8:06 pm IST

മലയാളക്കരയില്‍ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് ചിറകുമുളച്ചത് ശ്രീനാരായണ ഗുരുസ്വാമികളുടെ പരിശ്രമത്തിന്റെ ഫലമായാണ്, ആ പ്രയത്‌നത്തിന് ഫലം കാണുകയും ചെയ്തു. അന്ധവിശ്വാസത്തിന്റെ പടിപ്പുരക്കെട്ടുകളില്‍ നിലനിന്നിരുന്ന അനാചാരത്തിന്റെവലുപ്പം ഏറെക്കാലം കേരളത്തില്‍ നിലനിന്നിരുന്നു. അതെല്ലാം തിരുത്തിക്കുറിയ്ക്കാനുള്ള പ്രഖ്യാപനത്തിന് അലയടികള്‍ നാടെങ്ങുംവ്യാപകമായി.നാടിന്റെ ഭാവികള്‍ എന്നുവിശേഷിപ്പിക്കാവുന്ന ചിന്താശീലരില്‍ ഒരാളായിരുന്നു സഹോദരന്‍ അയ്യപ്പന്‍. അന്നത്തെ യുവാക്കള്‍ക്ക് ഗുരുവിന്റെ പാണ്ഡിത്യത്തേയും, ചിന്താശക്തിയേയും പ്രവര്‍ത്തനമൂല്യത്തേയും കാണാതിരിയ്ക്കാനായില്ല. വിശ്വവ്യാപകമായ മലയാളത്തനിമയെ കുടചൂടിച്ചിരുന്നവര്‍, സമൂഹത്തിന്റെ താഴേക്കിടയില്‍ നിലനിന്നിരുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നതും ചരിത്രങ്ങള്‍തന്നെയാണ്. താഴേത്തട്ടിലുള്ളവര്‍ക്കെതിരെ പടവാളുമായി ഇറങ്ങിത്തിരിച്ചവര്‍, ഇരുട്ടില്‍ കഴിഞ്ഞുകൂടി വെളിച്ചത്തു വരാതിരുന്നവരെ പുറംലോകം കാണിച്ചത് യുവസഞ്ചയത്തിന്റെ മിടുക്കായിരുന്നു.അക്ഷരാഭ്യസം കൊടുത്തുയര്‍ത്താന്‍ വലിയവിഭാഗം ഉണ്ടായിരുന്നു. അറിവിന്റെ  അക്ഷരഖനിയില്‍ പ്രവേശിച്ച  അവര്‍ പ്രശസ്തിയുടെ നെറുകയില്‍ വിലസി. കേരള സാമൂഹിക നവോത്ഥാനചരിത്രത്തില്‍ യുക്തിബോധത്തിന്റെയും, നിഷേധത്തിന്റെയും മാനവികതയുടേയും  അസാധാരണ അദ്ധ്യായമാണ് സഹോദരന്‍അയ്യപ്പന്‍ എഴുതിച്ചേര്‍ത്തത്. ശ്രീനാരായണ ഗുരു സ്വാമികളുടെ മനുഷ്യദര്‍ശനത്തെ ശാസ്ത്രീയതയുടേയും യുക്തിചിന്തയുടേയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് നവോത്ഥാന നായകനായിത്തീരുകയായിരുന്നു സഹോദരന്‍. അയ്യപ്പന്‍ ജനിച്ചത് ഈഴവസമുദായത്തിലാണെങ്കിലും മുനുഷ്യരെയെല്ലാം ഒരേ കണ്ണില്‍ക്കൂടി കാണാന്‍ ശ്രമിച്ച സന്മനസ്സുള്ളയാളായിരുന്നു. അതിനാല്‍ സമൂഹത്തിലെ പുഴുക്കുത്തുകളെയെല്ലാം ശക്തിയുക്തം എതിര്‍ത്ത് പോന്നിരുന്നു. അക്കൂട്ടത്തില്‍ നടത്തിയ മിശ്രഭോജനം പ്രശസ്തമായി. അതില്‍ വിഷമമുള്ളവര്‍ പുലയന്‍ അയ്യപ്പന്‍ എന്ന് വിളിക്കുകവരെയുണ്ടായി. അതിലൊന്നും കൂസാതെ ദളിതര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍  പ്രത്യേകം വ്യഗ്രതകാട്ടിയിരുന്നു. 1890 ആഗസ്റ്റ് 21ന് ചെറായിയില്‍ കുമ്പളത്തുപറമ്പ്‌വീട്ടില്‍ വീട്ടില്‍ കൊച്ചാവുവൈദ്യന്റെയേും, ഉണ്ണൂലിയുടേയും മകനായി പിറന്നു. അയ്യപ്പന്റെ രണ്ടാംവയസ്സില്‍ അച്ഛന്‍മരിച്ചു. ശ്രീനാരായണ ഗുരുസ്വാമികളും, കുമാരനാശാനും ആ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. അതെല്ലാം അയ്യപ്പന്റെ മനസ്സിനെ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തി. നല്ലനല്ല ചിന്തകളും ചര്‍ച്ചകളും കേട്ടാണ് ഓരോനിമിഷവും മുന്നോട്ടുപോയത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. സംസ്‌കൃതം, ഇന്ത്യാചരിത്രം,എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കി. എന്നാല്‍ നിയമത്തില്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. അദ്ധ്യാപകനായും സഹോദരന്‍ അറിയപ്പെട്ടു. ശ്രീനാരായണഗുരുസ്വാമികളുടെ  അയിത്തത്തിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ശക്തനായി അയ്യപ്പന്‍ നിലകൊണ്ടു.1917ലാണ് കോളിളക്കം സൃഷ്ടിച്ച മിശ്രഭോജനം. പലയിടങ്ങളിലും ഇത് ആവര്‍ത്തിച്ചു. കേരളകേരളക്കരയില്‍ ഇത് വന്‍ ചര്‍ച്ചകള്‍ക്ക്തുടക്കം കറിച്ചു. സമസ്തകേരള സഹോദര സഘം സ്ഥാപിച്ചു. സഹേദരന്‍ മാസികയും ഇതോടൊപ്പം സ്ഥാപിച്ചു. യുക്തി വാദിമാസികയും ഇതിനിടയില്‍ നടത്തിയിരുന്നു. പിന്നീട് വേലക്കാരന്‍ എന്നപത്രവും തുടങ്ങി. ഈഴവര്‍ക്കായി സംവരണം ചെയ്തിടത്തല്ലാതെ ജനറല്‍ സീറ്റില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍മത്സരിച്ചപ്പോള്‍ അയ്യപ്പന്‍  തോറ്റു. പിന്നീട് പലതവണ കൊച്ചിനിയമസഭയില്‍ മന്ത്രിപദംവരെ അലങ്കരിച്ചു. ജാതി മതാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥക്കെതിരെ യുക്തവും ശാസ്ത്രീയവുമായ ലോകവീക്ഷണം പ്രചരിപ്പിക്കുകയായിരുന്നു സഹോദരന്‍ അയ്യപ്പന്റെ ലക്ഷ്യം. സമുദായ പരിഷ്‌കരണപ്രവര്‍ത്തനങ്ങളുടെ ആശയും അടിത്തറയും അതായിരുന്നു. പത്രപ്രവര്‍ത്തനവും സാഹിത്യവും അതിനായി അയ്യപ്പന്‍ ഉപയോഗിച്ചു. യുക്തിവാദാധിഷ്ഠിതമായ നിരവധി പുസ്തകങ്ങളും അയ്യപ്പന്‍ പുറത്തിറക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.