മാഡ്രിഡ്: 2015-16 സീസണിലെ സ്പാനിഷ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മലാഗ സെവിയയുമായി ഏറ്റുട്ടും. മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിന് നാളെയാണ് ആദ്യപോരാട്ടം. ലാല്‍ പല്മാസാണ് അത്. മാഡ്രിഡിന്റെ എതിരാളികള്‍. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയും കരുത്തരായ റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ ഞായറാഴ്ച കളത്തിലിറങ്ങും. എവേ മത്സരത്തില്‍ ബാഴ്സലോണ അത്ലറ്റിക് ബില്‍ബാവോയെ നേരിടുമ്പോള്‍ റയല്‍ മാഡ്രിഡിന് സ്പോട്ടിങ് ഗിജോണുമായാണ് ആദ്യ മത്സരം. കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പര്‍ കപ്പില്‍ അത്ലറ്റിക് ബില്ബായോടേറ്റ പരാജയത്തിന്റെ വിഷാദത്തിലാണ് മെസ്സിപ്പട.
കഴിഞ്ഞ സീസണിന്റെ പകുതിയിലേറെ ഭാഗവും ഒന്നാം സ്ഥാനത്ത് നിന്നിരുന്ന റയല്‍ മാഡ്രിഡിന് അവസാന മത്സരങ്ങളിലേറ്റ തിരിച്ചടിയോടെയാണ് കിരീടം നഷ്ടമായത്. ഇത്തവണ എന്തുവിലകൊടുത്തും കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിശീലകന് റാഫേല്‍ ബെനിറ്റ്സിന്റെ കീഴില്‍ റയല്‍ ഇറങ്ങുന്നത്.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന എല്‍ ക്ലാസ്സിക്കോ നവംബര്‍ എട്ടിനും ഏപ്രില്‍ മൂന്നിനുമാണ്. മാഡ്രിഡ് ഡെര്‍ബി ഒക്ടോബര്‍ ഏഴിനും അടുത്ത വര്‍ഷം ഫെബ്രുവരി 28നും അരങ്ങേറും.
അതേസമയം മറ്റൊരു പ്രമുഖ ലീഗായ സീരി എ (ഇറ്റലി)ക്ക് നാളെ കിക്കോഫ്. നാളത്തെ ആദ്യ മത്സരത്തില്‍ വെറോണ റോമയുമായും ലാസിയോ ബൊലോഗ്നയുമായും ഏറ്റുമുട്ടും. നിലവിലെ ലീഗ് ചാമ്പ്യന്മാരായ ജുവന്റസ് തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഞായറാഴ്ച തങ്ങളുടെ ആദ്യ മത്സരത്തില്‍ ഉദിനെസെയാണ് ജുവന്റസിന്റെ എതിരാളി. എസി മിലാന് ഫിയോറന്റീനയുമായും ഇന്റര്മിലാന് അറ്റ്ലാന്റയുമായും സീസണിലെ ആദ്യ മത്സരങ്ങളില്‍ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: