ആലപ്പുഴ: സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തി ആലപ്പുഴ ജില്ലാ പോലീസ് നടപ്പാക്കുന്ന ‘നിര്‍ഭയ സവാരി’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി വി.സുരേഷ്കുമാര്‍ നിര്‍വഹിച്ചു.സബ്ബ്കലക്ടര്‍ ഡി. ബാലമുരളി അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ലാല്‍ജി സ്വാഗതം പറഞ്ഞു. സിനിമാ താരം ശരണ്യാമോഹന്, ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉഷയ്ക്ക് ജില്ലാ പോലീസിന്റെ ‘നിര്‍ഭയ സവാരി’ എന്ന ലോഗോ നല്‍കുകയും, തുടര്‍ന്ന് ആദ്യ സവാരി നടത്തുകയും ചെയ്തു.
ആലപ്പുഴ പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്, കെപിഒഎ ജില്ലാ സെക്രട്ടറി ബി. റഫീഖ്, കെപിഎ ജില്ലാ സെക്രട്ടറി എസ്. ഷിബു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ സ്ത്രീകളടക്കമുള്ള 100 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയിട്ടുള്ളത്. പതിവിലും വ്യത്യസ്തമായി സുരക്ഷിത ബോധത്തോടെയും, ഭയരഹിതമായും, ഓട്ടോചാര്ജ്ജിനെ സംബന്ധിച്ച തര്‍ക്കമില്ലാതെയും യാത്രചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
6 മാസത്തിനുള്ളില്‍ നഗര പ്രദേശത്തെ എല്ലാ ഓട്ടോറിക്ഷകളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുവാനും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്കുവാനും നടപടികള്‍ സ്വീകരിക്കും.
ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ഫോട്ടോ, പേര്, വിലാസം, ഫോണ്‍നമ്പര്‍ തുടങ്ങിയ പൂര്‍ണ്ണ വിവരങ്ങള്‍ പോലീസ് സൂക്ഷിക്കും. നിലവില്‍ ആലപ്പുഴ റെയില്വേസ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രി ജംഗ്ഷന് എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. അസമയത്തും, ഒറ്റയ്ക്കുമുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധത്തോടെ യാത്ര ചെയ്യുവാനുള്ള സാഹചര്യം ഇതുവഴി സംജാതമാകുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: