മെഗാ പട്ടയ മേളയില്‍ തൃപ്തരല്ലെന്ന് ഇടുക്കിയിലെ കര്‍ഷകര്‍

Thursday 20 August 2015 9:50 pm IST

ചെറുതോണി : കഴിഞ്ഞ 4 വര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന വന്‍ പ്രചാരണങ്ങളോടെ മറ്റന്നാള്‍ ജില്ലാ ആസ്ഥാനത്ത് മെഗാ പട്ടയമേള നടക്കുമ്പോഴും തൃപ്തരല്ല ഇടുക്കിയിലെ കര്‍ഷകര്‍. റവന്യൂ അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആയിരത്തിലധികം പട്ടയങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയാത്ത സ്ഥിതിയില്‍ ഇത്തവണത്തെ മെഗാ പട്ടയമേളയിലും ചുവപ്പു നാടയ്ക്കുള്ളില്‍ കുടുങ്ങി റവന്യൂ ഓഫീസുകളില്‍ തന്നെ ഇരിക്കും. ഇടുക്കിയിലെ കര്‍ഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെങ്കില്‍ പലയിടത്തും വനം വകുപ്പിന്റെ അനുമതി വേണം. വനം റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജോയിന്റ് വേരിഫിക്കേഷന്‍ നടത്തി അതാത് വകുപ്പുകളുടെ ഭൂമി തിട്ടപ്പെടുത്തണം. ഇത് യഥാസമയം നടത്താത്തതാണ് ജില്ലയിലെ പട്ടയ വിതരണത്തിന് തടസ്സമായിരിക്കുന്നത്. എന്നാല്‍ സി എച്ച് ആര്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും 93 ലെ ഭൂമി പതിവു ചട്ട പ്രകാരം പട്ടയം നല്‍കുമെന്ന് കളക്ടര്‍ വി രതീശന്‍ പറഞ്ഞു. പെരിഞ്ചാന്‍ കുട്ടിയിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്ത് 1800 പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഇടുക്കി കഞ്ഞിക്കുഴി വില്ലേജുകളില്‍ വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ആയിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുവാന്‍ കഴിയുമെന്നും കളക്ടര്‍ സൂചിപ്പിച്ചു. ഇരട്ടയാര്‍ പത്തു ചെയിന്‍ ഭാഗത്ത് പട്ടയ നടപടികള്‍ പുരോഗമിക്കുന്ന ഇടുക്കി വില്ലേജിലെ പട്ടയം 1964 ലെ ചട്ട പ്രകാരം നല്‍കേണ്ടതിനാലാണ് വനം വകുപ്പിന്റെ അനുമതി തേടുന്നത് എന്നും പട്ടയ വിതരണത്തിന് ശേഷം സാധാരണക്കാരായ കര്‍ഷകര്‍ നിയമക്കുരുക്കില്‍ പെടാതിരിക്കുവാനാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം പട്ടയം നല്‍കാമെന്ന് തീരുമാനിച്ചത് എന്നും കളക്ടര്‍ പറഞ്ഞു. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായും ആദിവാസികള്‍ ആവശ്യപ്പെട്ടിട്ടുള്ള പെരിഞ്ചാന്‍കുട്ടി തേക്ക് പ്ലാന്റേഷന്‍ വനം വകുപ്പിന്റെതോ റവന്യൂ വകുപ്പിന്റേതോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വക ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തികെട്ടിടം നിര്‍മ്മിച്ചതിനെതിരെ മുമ്പ് കളക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുള്ളതാണെന്നും പഞ്ചായത്തുകല്‍ നടപടികള്‍ സ്വീകരിച്ചാല്‍ ആവശ്യമായ സംരക്ഷണം നല്‍കുവാന്‍ ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടി ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.