ആലുവ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Thursday 20 August 2015 10:44 pm IST

ആലുവ: സാമ്പത്തിക നഷ്ടവും ആവശ്യത്തിന് സ്‌പെയര്‍ പാര്‍ട്ട്‌സും ലഭ്യമല്ലാതായതോടെ ജില്ലയിലെ ഏറ്റവും വലിയ ഡിപ്പോയായ ആലുവ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. നിലവിലുള്ള സര്‍വ്വീസ് നടത്തുന്നതിന് ആവശ്യമായ ബസും, സ്‌പെയര്‍ പാര്‍ട്‌സും ഇല്ലാതെ വലയുകയാണ് ഡിപ്പോ. സര്‍വ്വീസ് റദ്ദാക്കുന്നതിന്റെ എണ്ണം ദിവസവും വര്‍ദ്ധിക്കുമ്പോഴും, നഷ്ടകണക്ക് രണ്ടു ലക്ഷത്തിലേയ്ക്ക് കടക്കുകയാണ്. ആളുകള്‍ കൂടുതല്‍ കയറുന്ന ഓണക്കാലത്ത് പോലും ശരിയാംവണ്ണം സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് ആലുവ ഡിപ്പോയ്ക്കുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 108 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നത് ഇപ്പോള്‍ 70 ആയി ചുരുങ്ങി. അഞ്ച് ജനറോം ബസുകള്‍ മാത്രമാണുള്ളത്. 20 തിരുകൊച്ചി ബസുകളിലിപ്പോള്‍ ഓടുന്നത് മൂന്നെണ്ണം മാത്രം. ഏറ്റവും കൂടുതല്‍ യാത്രക്കാരുമുള്ള എറണാകുളം, പറവൂര്‍, തൃപ്പൂണിത്തുറ റൂട്ടില്‍ ഇപ്പോള്‍ ബസുകള്‍ അയക്കാനില്ലാത്ത സ്ഥിതിയാണ്. ഈയവസ്ഥയില്‍ ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് ഏങ്ങനെ പരിഹരിക്കുമെന്നറിയാതെ വട്ടം തിരിയുകയാണ് അധികൃതര്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഡിപ്പോ നേരിടുന്ന മറ്റൊരു പ്രതിസന്ധി. സര്‍വ്വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള മെക്കാനിക്കല്‍ ജീവനക്കാര്‍ മതിയെന്നും, ബാക്കിയുള്ളവരെ മറ്റ് ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റാനുള്ള നീക്കവും ശക്തമാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് പോലും ഡിപ്പോയില്‍ സ്‌പെയര്‍ ബസുകളില്ല. ദീര്‍ഘ ദൂര ബസുകള്‍ പോലും ക്യാന്‍സല്‍ ചെയ്യുന്നത് പതിവാണെന്ന് തൊഴിലാളി സംഘടന നേതാക്കള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.